കോഴിക്കോട്: സംസ്ഥാനത്ത് വ്യാപകമായി നടന്നു കൊണ്ടിരിക്കുന്ന പട്ടികജാതി ഫണ്ട് വെട്ടിപ്പ് സംബന്ധിച്ച് അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന്ബി.ജെ.പി പട്ടിക മോർച്ച സംസ്ഥാന പ്രസിഡൻ്റ് ഷാജുമോൻ വട്ടേക്കാട്. കോഴിക്കോട് മാരാർജി ഭവനിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്
കേരളം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ പട്ടികജാതി ഫണ്ട് തട്ടിപ്പാണ് നടന്നിട്ടുള്ളത്. തിരുവനന്തപുരം കോർപ്പറേഷനിൽ പട്ടികജാതി ഫണ്ട് വെട്ടിപ്പ് നടന്നിട്ടു സംസ്ഥാന സർക്കാർ യഥാർത്ഥ പ്രതികളെ പിടികൂടാതെ അന്വേഷണം അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. സിപിഎംന്റേയും ഡിവൈഎഫ്ഐയുടേയും ഉന്നതരായവരുടെ ഒത്താശയോടെയാണ് പട്ടികജാതി ഫണ്ട് വെട്ടിപ്പ് നടന്നിട്ടുള്ളതും പ്രതികളെ സംരക്ഷിക്കുന്നത് ഇതുപോലെ സമാനമായ നിരവധി പട്ടികജാതി ഫണ്ട് വെട്ടിപ്പ് സർക്കാർ സ്ഥാപനങ്ങളിൽ നടന്നിട്ടുള്ളതായി പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് മന്ത്രി 29-10-2021ൽ കേരള നിയമസഭയിൽ ചോദ്യത്തിന് ഉത്തരമായി നൽകിയ രേഖയിൽ വ്യക്തമാക്കുന്നു. പട്ടികജാതി വികസന വകുപ്പിന്റെ അധീനതയിലുള്ള 16 ഓഫീസുകളിൽ തട്ടിപ്പ് നടന്നതായി മന്ത്രി പുറത്ത് വിട്ട രേഖയിൽ പറയുന്നു. രണ്ട് കോടി എഴുപത്തി ഒമ്പത് ലക്ഷത്തിന്റെ തട്ടിപ്പ് നടന്നു എന്ന് പറയുമ്പോൾ ഇതിന്റെ പതിന്മടങ്ങാണ് തട്ടിപ്പിന്റെ യഥാർത്ഥ വശം. തട്ടിപ്പ് നടന്ന സ്ഥാപനങ്ങൾക്കെതിരെയും നടത്തിയവർക്കെതിരെയും യാതൊരു നടപടിയും സംസ്ഥാന സർക്കാർ സ്വീകരിക്കുകയോ അന്വേഷണം പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല. പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള ഓഫിസുകളിൽ 2016 മുതൽ വൻ അഴിമതിയും ഫണ്ട് വെട്ടിപ്പുമാണ് നടന്നുകൊണ്ടിരിക്കുന്നത്. സർക്കാർ അന്വേഷണം പ്രഖ്യാപിക്കുന്നില്ല. തട്ടിപ്പുകാരെ എന്ത് വിലകൊടുത്തും സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരും സിപിഎമ്മും സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ എസ്.സി എസ്.ടി പ്രമോട്ടർമാരിൽ ഭൂരിഭാഗവും പട്ടികജാതി ഫണ്ട് തട്ടിപ്പിന് കൂട്ടുനിൽക്കുന്നു. ഇവർ അർഹതയുള്ള ഗുണഭോക്താക്കളെ ഒഴിവാക്കുന്നു. സിപിഎം ന്റെ താൽപ്പര്യക്കാർക്ക് നിമയനം നൽകാതെ യോഗ്യതയുടെ അടിസ്ഥാനത്തിൽ എസ്.സി എസ്ടി പ്രമോട്ടർമാരെ തിരഞ്ഞെടുക്കണം എന്ന് പട്ടികജാതി മോർച്ച ആവശ്യപ്പെടുന്നു. നിയമസഭയിൽ മന്ത്രി തന്നെ പുറത്തുവിട്ട ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്താത്തത് തട്ടിപ്പുകാരെ സംരക്ഷിക്കാനാണെന്നതിൽ സംശയമില്ല.
ഇത് സംബന്ധിച്ച് പട്ടികജാതി മോർച്ച കേരളഘടകം ദേശീയ പട്ടികാജാതി കമ്മീഷന് പരാതി നൽകും. സംസ്ഥാനത്ത് നടക്കുന്ന പട്ടികജാതി ഫണ്ട് തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറണമെന്നാവശ്യപ്പെട്ട് തട്ടിപ്പ് നടന്ന സ്ഥാപനങ്ങളിലേക്ക് പട്ടികജാതി മോർച്ചയുടെ നേതൃത്വത്തിൽ നവംബർ 22 മുതൽ 30 വരെ മാർച്ചും ധർണ്ണയും നടത്തും.
പത്രസമ്മേളനത്തിൽ പട്ടികജാതി മോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ എ.കെ. കയ്യാർ, സിദ്ധാർത്ഥൻ അരിമ്പിടാവിൽ, ജില്ലാ പ്രസിഡണ്ട് മധു പുഴയരികത്ത്, ജനറൽ സെക്രട്ടറിമാരായ പ്രവീൺ ശങ്കർ, മനോജ് മുള്ളമ്പലം എന്നിവർ പങ്കെടുത്തു.