കൊച്ചി: ഫൈൻ ആർട്സ് ഹാളിന് സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങളിൽ ഇടിച്ചു കയറി. നിയന്ത്രണം നഷ്ടപ്പെട്ട മരിയ എന്ന സ്വകാര്യ ബസ് 15 ഓളം കാറുകളിലാണ് ഇടിച്ച് കയറിയത്. തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം.
കാര്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇടക്കൊച്ചിയില്‍ നിന്ന് കാക്കനാടേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്. ബസിന്റെ ബ്രേക്ക് പെഡൽ ഒടിഞ്ഞ നിലയിലായിരുന്നു. ബസ് അമിതവേഗത്തിലാണ് എത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
ആദ്യം റോഡിലെ കാറിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ഇരുവശങ്ങളിലും നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ ബസ് വന്നിടിക്കുകയായിരുന്നു. ബസ് മരത്തിലിടിച്ചാണ് നിന്നത്. മുതിര്‍ന്ന സ്ത്രീകള്‍ ഉള്‍പ്പെടെ പരിക്കേറ്റ കാര്‍ യാത്രികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.