കോഴിക്കോട്: ഹോട്ടല്‍ കൗണ്ടറില്‍ വെച്ച ചാരിറ്റി ബോക്സ് മോഷ്ടിച്ച കള്ളനെ പിടിച്ചപ്പോള്‍ ഇയാളില്‍ നിന്ന് ലഭിച്ചത് മോഷണം നടത്തിയ സ്ഥാപനങ്ങളുടെ വലിയ ലിസ്റ്റ്. അരീക്കാട്ടെ ഹോട്ട് ബേക്ക് എന്ന ഹോട്ടലിന്റെ ക്യാഷ് കൗണ്ടറില്‍ വെച്ചിരുന്ന പണമടങ്ങിയ ചാരിറ്റി ബോക്സ് മോഷ്ടിച്ച തൃശൂര്‍ സ്വദേശി തേക്കിനിയേടത്ത് സുരേഷ് കുമാര്‍ (51)നെയാണ് ഫറോക്ക് എ സി പി സ്ക്വാഡും നല്ലളം പൊലീസും ചേര്‍ന്ന് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പിടികൂടിയത്. സെപ്റ്റംബര്‍ 23 ന് രാവിലെ അരീക്കാട്ടെ ഹോട്ടലില്‍ നിന്ന് ചായ കുടിച്ച പ്രതി പണം ചില്ലറയായി നല്‍കി. ക്യാഷ് കൗണ്ടറിലിരുന്നയാള്‍ ചില്ലറ എണ്ണി തിട്ടപ്പെടുത്തുന്നതിനിടെ പ്രതി ക്യാഷ് കൗണ്ടറിന് മുകളില്‍ വെച്ച ചാരിറ്റി ബോക്സ് കൈക്കലാക്കി സ്ഥലം വിടുകയായിരുന്നു. സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തൃശൂരില്‍ വെച്ച് കസ്റ്റഡിയിലെടുത്തത്. പ്രതി മോഷ്ടിക്കാന്‍ കയറിയ സ്ഥാപനങ്ങളുടെയെല്ലാം പേര് ബുക്കില്‍ എഴുതി കൈവശം സൂക്ഷിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിക്കെതിരെ വിവിധ ജില്ലകളിലായി നിരവധി മോഷണക്കേസുകള്‍ ഉള്ളതായി വ്യക്തമായി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.