LatestLocal News

ആരും കാണാതെ ഒരു കുറിപ്പും ചോക്ലേറ്റും;കേരളാ പൊലീസിന് സമ്മാനവുമായി അജ്ഞാത യുവതി

Nano News

കണ്ണൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പൊലീസുകാർക്ക് അപ്രതീക്ഷിത സമ്മാനമായി അജ്ഞാതയായ യുവതിയുടെ ഒരു പൊതി. വെള്ളിയാഴ്ച പുലർച്ചെ ആറ് മണിയോടെയാണ് ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലെ റെയിൽവേ പൊലീസ് സ്റ്റേഷന്റെ മേശപ്പുറത്ത് ആരും കാണാതെ ഈ പൊതി വെച്ച് യുവതി കടന്നുകളഞ്ഞത്. ‘പ്രിയപ്പെട്ട കേരള പോലീസ്, നിങ്ങളുടെ രാത്രികാല പട്രോളിംഗ് എനിക്ക് കൂടുതൽ സുരക്ഷിതത്വം നൽകുന്നു, നന്ദി’ എന്നെഴുതിയ കുറിപ്പും ഒപ്പം ചോക്ലേറ്റുമായിരുന്നു പൊതിയിൽ ഉണ്ടായിരുന്നത്.
അസ്വാഭാവികമായി കണ്ട പൊതി പരിശോധിച്ചപ്പോഴാണ് അത് കത്തും ചോക്ലേറ്റുമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ആരാണ് ഇത് വെച്ചതെന്ന് അറിയാനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. തിരുവനന്തപുരം–മംഗളൂരു അന്ത്യോദയ എക്സ്പ്രസിൽ നിന്ന് ഇറങ്ങിയ ഒരു യുവതി മേശപ്പുറത്ത് പൊതിവെച്ച ശേഷം തിരികെ വണ്ടിയിൽ കയറി കാസർകോട് ഭാഗത്തേക്ക് യാത്ര ചെയ്യുന്നതായി ദൃശ്യങ്ങളിൽ വ്യക്തമായി.

തങ്ങൾക്ക് ലഭിച്ച ഈ നന്ദിസൂചകമായ കുറിപ്പ് പോലീസ് പിന്നീട് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ഇത്തരം സമ്മാനങ്ങൾ വലിയ സന്തോഷമാണ് നൽകുന്നതെന്നും, എന്നാൽ യുവതിയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിയില്ലെന്നും കത്തും ചോക്ലേറ്റും വെക്കാൻ എന്താണ് കാരണമെന്ന് വ്യക്തമല്ലെന്നും സ്റ്റേഷനിലെ ഉദ്യോഗസ്ഥർ അറിയിച്ചു.


Reporter
the authorReporter

Leave a Reply