ഇടുക്കി കൂട്ടാറിൽ പുതുവത്സര ദിനത്തിൽ പടക്കം പൊട്ടിക്കുന്നത് കാണാൻ നിന്നയാൾക്ക് പൊലീസിന്റെ ക്രൂരമർദനം. കമ്പംമെട്ട് സിഐ ഷമീർ ഖാനാണ് ഓട്ടോ ഡ്രൈവറായ മുരളീധരൻ്റെ കരണത്തടിച്ചത്. അടിയേറ്റ് നിലത്ത് വീണ മുരളീധരൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. മർദ്ദനമേറ്റ് തൻ്റെ പല്ല് പൊടിപ്പോയെന്നും മുരളീധരൻ പറയുന്നു.
മുരളീധരനെ പോലീസ് തല്ലിയതിന്റെ ദൃശ്യങ്ങൾ ദിവസങ്ങൾക്ക് ശേഷമാണ് കുടുംബത്തിന് കിട്ടിയത്. തുടർന്ന് ജനുവരി 16 നാണ് പരാതിയുമായി മുന്നോട് പോകാൻ കുടുംബം തീരുമാനിച്ചതെന്ന് മുരളീധരന്റെ മകൾ പറയുന്നു. തുടക്കത്തിൽ മർദ്ദനമേറ്റ കാര്യം മുരളീധരൻ വീട്ടുകാരോട് പറഞ്ഞിരുന്നില്ല. വീഡിയോ കണ്ടാണ് താൻ ഇക്കാര്യം അറിഞ്ഞതെന്നും എസ്‌പി ഓഫീസിൽ പരാതി നൽകിയ ശേഷം ഡിവൈഎസ്‌പി ഓഫീസിൽ വിളിച്ച് മൊഴിയെടുത്തെന്നും അശ്വതി പറയുന്നു. എന്നാൽ നടപടിയൊന്നും ഉണ്ടായില്ലെന്നും അവർ പറഞ്ഞു.
എഎസ്‌പിയോട് വേഗത്തിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ വിഷ്‌ണു പ്രദീപ് നിർദ്ദേശം നൽകി. മർദ്ദനം നടന്ന സ്ഥലത്ത് രാത്രിയിൽ മദ്യപിച്ച് വാഹനങ്ങൾക്ക് നേരെ പടക്കം എറിഞ്ഞെന്ന പരാതി വന്നതിനെ തുടർന്നാണ് സി ഐ എത്തിയതെന്നും എസ്‌പി പ്രതികരിച്ചു.