ലഖ്നോ: ഉത്തര്‍പ്രദേശിലെ ബാഗ്പത്തില്‍ ഒരു മതപരമായ പരിപാടിക്കിടെ സ്ഥാപിച്ച മുളകൊണ്ടുള്ള പ്ലാറ്റ്ഫോം തകര്‍ന്നുവീണ് ആറ് മരണം. അന്‍പതോളം പേര്‍ക്ക് പരുക്കേറ്റു.
ബറാവുത്തിലെ ജൈന സമൂഹം ‘ലഡ്ഡു മഹോത്സവം’ സംഘടിപ്പിച്ചിരുന്നുവെന്നും നൂറുകണക്കിന് ആളുകള്‍ ക്ഷേത്രത്തില്‍ ലഡ്ഡു അര്‍പ്പിക്കാന്‍ എത്തിയെന്നും പൊലിസ് പറഞ്ഞു. ഇതിനിടെയാണ് അപകടമുണ്ടായത്.
ഭക്തര്‍ക്കായി ഒരു മുളകൊണ്ടുള്ള പ്ലാറ്റ്ഫോം നിര്‍മ്മിച്ചിരുന്നു. ജനത്തിരക്ക് കൂടിയപ്പോള്‍ ഭാരത്താല്‍ ഈ പ്ലാറ്റ്ഫോം തകര്‍ന്നുവീഴുകയായിരുന്നു.
സംഭവത്തിന് പിന്നാലെ പൊലിസും ആംബുലന്‍സും സ്ഥലത്തെത്തി പരുക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയതായി ബാഗ്പത് പൊലിസ് മേധാവി അര്പിത് വിജയവര്‍ഗിയ പറഞ്ഞു.
ചെറിയ പരുക്കുള്ളവരെ പ്രഥമശുശ്രൂഷ നല്കി വീട്ടിലേക്ക് അയച്ചിട്ടുണ്ട്, അതേസമയം ഗുരുതരമായ പരുക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇവിടുത്തെ പ്രാദേശിക ജൈന സമൂഹം 30 വര്‍ഷമായി വര്‍ഷം തോറും ‘ലഡ്ഡു മഹോത്സവം’ ആചരിച്ചുവരികയാണെന്ന് ജില്ലാ മജിസ്ട്രേറ്റ് അസ്മിത ലാല്‍ പറഞ്ഞു.