Thursday, January 23, 2025
General

ഭാര്യയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കുക്കറില്‍ വേവിച്ചു; മുന്‍ സൈനികന്‍ അറസ്റ്റില്‍


ഹൈദരാബാദ്: ഹൈദരാബാദില്‍ ഭാര്യയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കുക്കറില്‍ വേവിച്ച മുന്‍ സൈനികന്‍ അറസ്റ്റില്‍. ഹൈദരാബാദിലെ രംഗറെഡ്ഡി ജില്ലയിലെ മീര്‍പേട്ട് പൊലിസ് സ്റ്റേഷന്‍ പരിധിയിലെ വെങ്കിടേശ്വര കോളനിയിലാണ് കൃത്യം നടന്നത്. അഞ്ച് വര്‍ഷമായി വെങ്കിടേശ്വര കോളനിയിലാണ് ഇവര്‍ താമസിക്കുന്നത്. ഈ മാസം 16ന് പരാതിക്കാരിയുടെ മകള്‍ മാധവിയും ഭര്‍ത്താവ് ഗുരുമൂര്‍ത്തിയും വഴക്കിട്ടിരുന്നു. ജനുവരി 17ന് ആണ് യുവതിയെ കാണാനില്ലെന്ന് യുവതിയുടെ മാതാവ് പൊലിസില്‍ പരാതി നല്‍കിയത്.

തുടര്‍ന്ന് പൊലിസ് സൈനികനെ ചോദ്യം ചെയ്തപ്പോള്‍ ഭാര്യയെ കൊന്ന് ശരീരഭാഗങ്ങള്‍ കുക്കറില്‍ വേവിച്ച ശേഷം ബാക്കിയായവ കായലില്‍ എറിഞ്ഞുവെന്ന് മൊഴി നല്‍കി. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയതായും വിശദമായ അന്വേഷണം നടന്നു വരികയാണെന്നും മീര്‍പേട്ട് പോലീസ് ഇന്‍സ്‌പെക്ടര്‍ നാഗരാജു പറഞ്ഞു.

കാണാതാകുന്നതിന് മുമ്പ് ദമ്പതികള്‍ തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് അറിഞ്ഞതോടെയാണ് പൊലിസിന് സംശയം തോന്നിയത്. ചോദ്യം ചെയ്യലില്‍ ഗുരുമൂര്‍ത്തി കുറ്റം സമ്മതിച്ചു. ഭാര്യയെ എങ്ങനെ കൊലപ്പെടുത്തി എന്നതിനെക്കുറിച്ചും ഭാര്യയുടെ ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ച സ്ഥലങ്ങളെക്കുറിച്ചും ഉത്തരം ലഭിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സൈന്യത്തില്‍ നിന്ന് സ്വയം വിരമിച്ച ഗുരുമൂര്‍ത്തി കാഞ്ചന്‍ബാഗിലെ ഡിആര്‍ഡിഒയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്തു വരികയായിരുന്നു. 13 വര്‍ഷം മുമ്പാണ് ഇയാള്‍ മാധവിയെ വിവാഹം കഴിച്ചത്. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്.


Reporter
the authorReporter

Leave a Reply