Thursday, January 23, 2025
General

സ്‌കൂളുകളില്‍ ശനിയാഴ്ച്ച പ്രവര്‍ത്തി ദിനം; വിദ്യാഭ്യാസ കലണ്ടര്‍ പരിഷ്‌കരിക്കാന്‍ വിദഗ്ധ സമിതി


തിരുവനന്തപുരം: ഈ അധ്യയനവര്‍ഷം 25 ശനിയാഴ്ച്ചകള്‍ പ്രവൃത്തിദിനമാക്കിയത് വിവാദമായതോടെ, സ്‌കൂള്‍ വിദ്യാഭ്യാസ കലണ്ടര്‍ പരിഷ്‌കരിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധസമിതി രൂപീകരിച്ച് സര്‍ക്കാര്‍. ഈ അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടറില്‍ 25 ശനിയാഴ്ചകള്‍ പ്രവര്‍ത്തിദിനമാക്കിയത് വിദ്യാഭ്യാസ അവകാശനിയമം കണക്കിലെടുത്ത് പുന:പരിശോധിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് കണക്കിലെടുത്താണ് നടപടി.

അഞ്ച് അംഗ സമിതിയെയാണ് സര്‍ക്കാര്‍ നിയമിച്ചത്. സമിതി രണ്ട് മാസത്തിനകം സര്‍ക്കാരില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ഉത്തരവ് തീയതി മുതല്‍ രണ്ടു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാഭ്യാഭ്യാസ വകുപ്പ് മേധാവി പ്രൊഫ.വി.പി ജോഷിത്ത് ഡോ.അമര്‍.എസ്.ഫെറ്റില്‍ (സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍, അഡോളസെന്റ് ഹെല്‍ത്ത്, എന്‍.എച്ച്.എം), ഡോ.ദീപ ഭാസ്‌കരന്‍ (അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഡെവലപ്‌മെന്റല്‍ പീഡിയാട്രിക്‌സ്. ചൈല്‍ഡ് ഡെവലപ്‌മെനന്റ് സെന്റര്‍, തിരുവനന്തപുരം), ഡോ. ജയരാജ്.എസ് (മുന്‍ കണ്‍സല്‍ട്ടന്റ്, എസ്.എസ്.കെ), എം.പി.നാരായണന്‍ ഉണ്ണി (മുന്‍ ഫാക്കല്‍റ്റി, എസ്.സി.ഇ.ആര്‍.ടി) എന്നിവരുള്‍പ്പെട്ടതാണ് സമിതി.

വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ കൂടി അടിസ്ഥാനത്തില്‍ സമഗ്രമായ പഠനം നടത്തുന്നതിനാണ് ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട വിദഗ്ധരെ ഉള്‍പ്പെടുത്തി ഒരു സമിതി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഈ അധ്യയനവര്‍ഷം 220 പ്രവൃത്തിദിനങ്ങളുമായി സര്‍ക്കാര്‍ പുറത്തിറക്കിയ സ്‌കൂള്‍ വിദ്യാഭ്യാസ കലണ്ടര്‍ വലിയ വിവാദമാണുണ്ടാക്കിയത്. ഉദ്യോഗസ്ഥതല ഗൂഢാലോചനയിലാണ് കലണ്ടര്‍ പുറത്തിറക്കിയതെന്നായിരുന്നു അധ്യാപക സംഘടനകളുടെ വിമര്‍ശനം. കഴിഞ്ഞ വര്‍ഷം 210 പ്രവൃത്തിദിനങ്ങളാക്കി ഉയര്‍ത്തിയത് പ്രതിഷേധത്തെത്തുടര്‍ന്ന് 205 ആക്കി കുറച്ചിരുന്നു.


Reporter
the authorReporter

Leave a Reply