Thursday, January 23, 2025
General

ആചാരത്തിന്റെ ഭാഗമായി കാഞ്ഞിരക്കായ കഴിച്ചു; പാലക്കാട്ട് യുവാവിന് ദാരുണാന്ത്യം


പാലക്കാട്: പരതൂര്‍ കുളമുക്കില്‍ ആചാരത്തിന്റെ ഭാഗമായി കാഞ്ഞിരത്തിന്റെ കായ കഴിച്ച യുവാവിന് ദാരുണാന്ത്യം. കുളമുക്ക് സ്വദേശി ഷൈജു (43)വാണ് മരിച്ചത്.
ബുധനാഴ്ച ക്ഷേത്ര ചടങ്ങിന്റെ ഭാഗമായ ‘ആട്ടി’നിടെയാണ് (തുള്ളല്‍) യുവാവ് കാഞ്ഞിരത്തിന്റെ കായ കഴിച്ചത്.

പൊലിസ് അസ്വാഭാവികമരണത്തിന് കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണക്കാരണം വ്യക്തമാവുകയുളളൂ.അഞ്ഞൂറിലേറെ ആളുകള്‍ എത്തിയ പരിപാടിയിലാണ് സംഭവം. ചടങ്ങില്‍ വെളിച്ചപ്പാടായി തുള്ളിയത് ഷൈജുവാണ്. ആചാരത്തിന്റെ ഭാഗമായി ഒരു തളികയില്‍ ഫലമൂലാദികള്‍ നല്‍കും. വെളിച്ചപ്പാട് ഇത് കഴിക്കണം. സാധാരണ ഗതിയില്‍ കടിച്ച് തുപ്പുകയാണ് പതിവെങ്കിലും, ഷൈജു രണ്ടോ മൂന്നോ കാഞ്ഞിരക്കായ കഴിച്ചെന്നാണ് വിവരം.

കോമരം തുളളുന്നതിന്റെ ഭാഗമായി വാളുപയോഗിച്ച് വെട്ടിയ പാടുകളും ഷൈജുവിന്റെ നെറ്റിയില്‍ ഉണ്ടായിരുന്നതായാണ് പൊലിസ് പറയുന്നത്.

വീട്ടിലേക്ക് മടങ്ങിയെത്തിയ ഷൈജുവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പിന്നാലെ പട്ടാമ്പിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു.


Reporter
the authorReporter

Leave a Reply