കോഴിക്കോട്: നഗരത്തില്‍ ഈ വര്‍ഷം ഇതുവരെ പിടികൂടിയത് 750 ഓളം ഗ്രാം രാസലഹരി. ജനുവരി ഒന്ന് മുതൽ 20 വരെയുള്ള ദിവസങ്ങളിലെ കണക്കാണിത്. എംഡിഎംഎ അടക്കമുള്ള മാരക രാസലഹരി അടക്കമാണ് പൊലീസ് പിടികൂടിയത്.
ജനുവരി മാസം ഇരുപത് തികയും മുന്‍പേയാണ് വ്യത്യസ്ത കേസുകളിലായി വലിയ തോതില്‍ രാസലഹരി പൊലീസ് പിടികൂടിയത്. നാല് വലിയ കേസുകള്‍ ഇതിനകം പൊലീസ് രജിസ്റ്റര്‍ ചെയ്കിട്ടുണ്ട്. 25 ലേറെ പേർ പിടിയിലായി. എഴുനൂറ് ഗ്രാം എം.ഡി.എം.എ ഉള്‍പ്പെടെ വ്യാപകമായ ലഹരി ഉല്‍പ്പന്നങ്ങളാണ് പൊലീസ് പിടികൂടിയത്. 50 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, എല്‍.എസ്.ഡി സ്റ്റാമ്പുകള്‍, ഹാഷിഷ് ഓയില്‍ ഉള്‍പ്പെടെയുള്ള മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവയാണ് പൊലീസും രാസലഹരി വിരുദ്ധ സംഘവും ചേര്‍ന്ന് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസവും 226 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയിലായിരുന്നു. രാസലഹരി കടത്തുന്നവരില്‍ ഭൂരിഭാഗവും യുവാക്കളാണ്.
ബംഗലുരുവില്‍ നിന്നാണ് പ്രധാനമായും കോഴിക്കോട്ടേക്ക് രാസലഹരി കടത്തുന്നത്. ചില്ലറ വിപണിയാണ് ലക്ഷ്യം. സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍ എന്നിവരാണ് ഇവരുടെ പ്രധാന ഉപഭോക്താക്കള്‍. ലഹരി കടത്തുന്നവരില്‍ മിക്കവരും അത് ഉപയോഗിക്കുന്നവരുമാണ്. പെട്ടെന്ന് പണം സമ്പദിക്കാനുള്ള വ്യഗ്രതയാണ് ഇത്തരം ലഹരി കടത്തിന് പിന്നിലെന്ന് പൊലീസ് വിശദീകരിക്കുന്നു.മയക്കുമരുന്ന് കടത്ത് പിടികൂടാതിരിക്കാന്‍ വ്യത്യസ്ത രീതികളാണ്കടത്ത് സംഘങ്ങള്‍ സ്വീകരിക്കുന്നത്.
സ്വകാര്യ വാഹനങ്ങളില്‍ രഹസ്യ അറ നിര്‍മ്മിക്കുക, കാന്തം ഉപയോഗിച്ച് ഇരുമ്പ് പെട്ടികളിൽ ഒളിപ്പിച്ച് വാഹനങ്ങള്‍ക്ക് അടിവശത്ത് ഘടിപ്പിക്കുക, ഹെഡ് ലൈറ്റിന്‍റെ ഉള്ളില്‍ നിറക്കുക തുടങ്ങി ക്യാമറയുടെ ട്രൈപ്പോഡുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് മാഫിയകള്‍ രാസലഹരി കടത്തുന്നുണ്ട്. കടത്ത് സംഘങ്ങള്‍ ഇത്തരം രീതികള്‍ സ്വീകരിച്ചതോടെ ആന്‍റി നാര്‍ക്കോട്ടിക്ക് സംഘവും പൊലീസും വാഹനപരിശോധയില്‍ കാര്യമായ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് കോഴിക്കോട് സിറ്റി പൊലീസ് അറിയിച്ചു.