കോഴിക്കോട്: കമ്മീഷൻ ഉത്തരവുകൾ നൽകുമ്പോൾ മാത്രം നടപ്പാതകളിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുകയും അതു കഴിഞ്ഞാൽ പഴയപടിയാവുകയും ചെയ്യുന്ന പ്രവണതയിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത അത്യപ്തിയുമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
കോഴിക്കോട് നഗരത്തിലെ നടപ്പാതകൾ കച്ചവടക്കാർ കൈയേറുകയാണെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
നടപ്പാതകൾ കാൽനടയാത്രക്കാർക്കുള്ളതാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. നടപ്പാതകൾ കൈയേറുന്നത് അപകടങ്ങൾ വർദ്ധിപ്പിക്കുന്നു.
ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, നഗരസഭാ സെക്രട്ടറി എന്നിവർ ആവശ്യമായ പരിശോധന നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഉത്തരവിൽ പറയുന്നു. ജനുവരി 30-ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.ഗതാഗത നിയമ ലംഘനങ്ങൾക്കെതിരെയുള്ള മാർഗനിർദ്ദേശവുമായി കമ്മീഷൻ വിശദമായ ഒരുത്തരവ് പുറത്തിറക്കുമെന്നും ഉത്തരവിലുണ്ട്.
സുരക്ഷിതമായ നടപ്പാതകൾ ഇല്ലാത്തതാണ് കാൽനടയാത്രക്കാർ അപകടത്തിൽപ്പെടാനുള്ള പ്രധാന കാരണമെന്ന് കെ. ബൈജുനാഥ് പറഞ്ഞു. മനുഷ്യജീവൻ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം അധികൃതർക്കുണ്ടെന്നും ഉത്തരവിൽ പറയുന്നു. നിരവധി തവണ ഇത് സംബന്ധിച്ച് ഉത്തരവ് നൽകിയിട്ടുണ്ടെന്നും അവ കൃത്യമായി നടപ്പാക്കിയിട്ടില്ലെന്നും ഉത്തരവിൽ പറയുന്നു.
ചെറൂട്ടി റോഡ്, മിഠായി തെരുവ്, എരഞ്ഞിപ്പാലം, നടക്കാവ്, പുതിയങ്ങാടി, കാരപറമ്പ്, മെഡിക്കൽ കോളേജ് തുടങ്ങിയ സ്ഥലങ്ങളിലൊക്കെ നടപ്പാതകൾ കച്ചവടക്കാർക്കുള്ളതായി മാറിയിട്ട് ഏറെ നാളായതായി പരാതിയുണ്ട്.