തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ എസ്.എഫ്.ഐ നേതാക്കള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയില്‍ കേസെടുത്തെങ്കിലും തുടര്‍നടപടിയെടുക്കാതെ പൊലിസ്. രണ്ടാം വര്‍ഷ ഇസ് ലാമിക് ഹിസ്റ്ററി വിദ്യാര്‍ഥിയായ മുഹമ്മദ് അനസ് ആണ് പൊലിസിനും ഭിന്നശേഷി കമ്മിഷനും പരാതി നല്‍കിയത്. റാഗിങിന് കേസെടുക്കേണ്ടതായിട്ടും പൊലിസ് ഭിന്നശേഷി അവകാശ നിയമത്തിലെ 92 (എ), 92(ബി) വകുപ്പുകള്‍ മാത്രമാണ് ചുമത്തിയിട്ടുള്ളത്. അതേസമയം, മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ എസ്.എഫ്.ഐ നേതാക്കള്‍ ഇപ്പോഴും യൂണിയന്‍ ഓഫിസില്‍ തന്നെ കഴിയുന്നു.
തിങ്കളാഴ്ച വൈകീട്ട് 3.30-ഓടെയാണ് യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ. നേതാക്കള്‍ അനസിനെ മര്‍ദിച്ചത്. എസ്.എഫ്.ഐ യൂണിറ്റ് നേതാക്കളുടെ നേതൃത്വത്തില്‍ യൂണിയന്‍ ഓഫിസില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. കാലിനു സ്വാധീനമില്ലാത്തതിനാല്‍ കൊടി കെട്ടാന്‍ മരത്തില്‍ കയറാനും മറ്റ് ജോലികള്‍ക്കും നിയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതും പണം പിരിച്ച് നല്‍കുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറിയതുമാണ് ഇവരെ പ്രകോപിപ്പിച്ചത്. പിന്നാലെ യൂണിയന്‍ ഓഫിസില്‍ വിളിച്ചുവരുത്തി അനസിനെ മര്‍ദ്ദിക്കുകയായിരുന്നു.
എസ്.എഫ്.ഐ. നേതാക്കളെപ്പേടിച്ച് മര്‍ദനമേറ്റ മുഹമ്മദ് അനസ് ബുധനാഴ്ചയും കോളജില്‍ പോയിട്ടില്ല. മര്‍ദനത്തില്‍ അനസിന്റെ തലയ്ക്കും ശരീരത്തിലും ക്ഷതമേറ്റിട്ടുമുണ്ട്.
യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ മൂന്നുമാസത്തിനിടെ രണ്ടാമത്തെ പരാതിയാണ് ഇത് പൊലിസിനു ലഭിക്കുന്നത്, കഴിഞ്ഞ ഒക്ടോബറില്‍ കെ.എസ്.യു നേതാവിന്റെ മുഖത്തടിക്കുകയും ചെയ്തുവെന്ന പരാതിയും എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ നിലനില്‍ക്കുന്നുണ്ട്.