വയനാട്: ലോക്‌സഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിക്കെതിരേ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി. ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചെന്ന് കാട്ടിയാണ് പരാതി. എല്‍ഡിഎഫ് വയനാട് പാര്‍ലമെന്റ് മണ്ഡലം കമ്മറ്റിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്.
വൈദികരുടെ സാന്നിധ്യത്തില്‍ പ്രാര്‍ഥന നടത്തുന്നതിന്റെ വിഡിയോ പ്രചരിപ്പിച്ചു. ആരാധനാലത്തിനുള്ളില്‍ വിശ്വാസികളോട് വോട്ട് അഭ്യാര്‍ത്ഥിച്ചെന്നും വോട്ടിനായി മതചിഹ്നം ദുരുപയോഗിച്ചെന്നും ചൂണ്ടിക്കാടിയാണ് പരാതി. കഴിഞ്ഞ 10 നാണ് പ്രിയങ്ക ഗാന്ധി പള്ളിക്കുന്ന് ദേവാലയത്തിലെത്തി വോട്ട് തേടിയത്.
അതേസമയം വയനാട് പോളിങ് ബൂത്തിലേക്ക് നീങ്ങാന്‍ മണിക്കൂറുകള്‍ മാത്രം. രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്. ഒരു മാസത്തോളം നീണ്ട പ്രചാരണ പോരിനൊടുവിലാണ് ജനവിധി. 1354 പോളിങ്ങ് സ്റ്റേഷനുകളാണ് വയനാട് മണ്ഡലത്തില്‍ സജ്ജമാക്കുന്നത്. ജില്ലയില്‍ രണ്ട് ബൂത്തുകളാണ് അതീവ സുരക്ഷ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 11 പോളിങ്ങ് ബൂത്തുകള്‍ പ്രത്യേക സുരക്ഷാ പട്ടികയിലുമുണ്ട്. 11 പോളിങ്ങ് ബൂത്തുകള്‍ പ്രത്യേക സുരക്ഷാ പട്ടികയിലുമുണ്ട്. മുണ്ടക്കൈചൂരല്‍മല ദുരന്തബാധിതര്‍ക്ക് വോട്ടുചെയ്യുന്നതിനായി മേപ്പാടി, ചൂരല്‍മല പ്രദേശങ്ങളിലായി പ്രത്യേക ബൂത്തുകള്‍ സജ്ജീകരിച്ചു. 14,71,742 വോട്ടര്‍മാരാണ് വയനാട് മണ്ഡലത്തിലുള്ളത്.