Monday, November 25, 2024
General

ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശമാകും; ദിവ്യയുടെ നടപടി ആസൂത്രിതം; വിധിപ്പകര്‍പ്പ് പുറത്ത്


കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളികൊണ്ടുള്ള വിധിപകര്‍പ്പില്‍ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യക്കെതിരെയുള്ളത് ഗുരുതര നിരീക്ഷണങ്ങള്‍. പ്രതി സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും നവീന്‍ ബാബുവിനെതിരായ ദിവ്യയുടെ പ്രസംഗം ആസൂത്രിതമാണെന്നും ഉത്തരവില്‍ പറയുന്നു. പ്രതി രാഷ്ട്രീയ സ്വാധീനം ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. മുന്‍കൂര്‍ ജാമ്യത്തിനുള്ള പരിഗണന അര്‍ഹിക്കുന്നില്ലെന്നും ഉത്തരവില്‍ പരാമര്‍ശിക്കുന്നു.

38 പേജുള്ള വിധിയാണ് കോടതി പുറപ്പെടുവിച്ചിട്ടുള്ളത്. യാത്രയയപ്പ് പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ പ്രതിഭാഗം ഒഴിവാക്കിയെന്നും പ്രതിയുടെ യോഗ്യതകള്‍ ജാമ്യം നല്‍കുന്നതിന് കാരണമല്ലെന്നും ഹരജിക്കാരിയുടെ പ്രവര്‍ത്തി മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

എ.ഡി.എമ്മിനെ അപമാനിക്കലായിരുന്നു പി പി ദിവ്യയുടെ ലക്ഷ്യം. ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശം നല്‍കും. സാധാരണ ജാമ്യത്തിന് പോലും അര്‍ഹതയില്ല. മുന്‍കൂര്‍ ജാമ്യം നല്‍കാനുള്ള കേസ് അല്ല ഇതെന്നും കോടതി ചൂണ്ടികാട്ടി.

നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെയെടുത്ത കേസില്‍ ദിവ്യ മാത്രമാണ് പ്രതി. ആത്മഹത്യാ പ്രേരണക്കുറ്റമാണ് പൊലീസ് ദിവ്യക്കെതിരെ ചുമത്തിയത്. ഇവരുടെ മുന്‍കൂര്‍ ജാമ്യഹരജി ഇന്ന് കോടതി തള്ളിയിരുന്നു.


Reporter
the authorReporter

Leave a Reply