Saturday, November 23, 2024
General

മൗനംവെടിഞ്ഞ് മുഖ്യമന്ത്രി: ‘നവീൻ ബാബുവിന്റെ മരണം അതീവ ദുഃഖകരം’


തിരുവനന്തപുരം: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണം നടന്ന് ഒൻപതാം ദിവസം മൗനം വെടിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. എ.ഡി.എമ്മിന്റെ മരണത്തിൽ സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി.പി ദിവ്യക്കെതിരേ നടപടി ഉണ്ടാകുമെന്ന് പരോക്ഷമായി സൂചിപ്പിച്ച് കൊണ്ടാണ് മുഖ്യമന്ത്രിയുടെ ആദ്യ പരസ്യ പ്രതികരണം.

നവീൻ ബാബുവിന്റെ മരണം വേദനിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എ.കെ.ജി ഹാളിൽ സെക്രട്ടേറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നിർഭയമായും നീതിയുക്തമായും ജോലി ചെയ്യുന്നവരെ സംരക്ഷിക്കും. നവീൻ ബാബുവിന്റെ അനുഭവം ഒരു ഉദ്യോഗസ്ഥനും ഇനി ഉണ്ടാകാൻ പാടില്ല. ഇത് ഉറപ്പിക്കുന്ന തരത്തിലുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. സുതാര്യമായും സത്യസന്ധമായും കാര്യക്ഷമമായും തങ്ങളുടെ കടമകൾ നിർവഹിക്കുന്ന ഒരു ഉദ്യോഗസ്ഥന്റെയും ആത്മാഭിമാനത്തെ ചോദ്യം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എ.ഡി.എമ്മിന്റെ മരണം സംബന്ധിച്ചുള്ള അന്വേഷണത്തിൽ ഒരു രീതിയിലുള്ള ഇടപെടലും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് തിങ്കളാഴ്ച ചേർന്ന എൽ.ഡി.എഫ് യോഗത്തിലും മുഖ്യമന്ത്രി അറിയിച്ചിരുന്നു. അന്വേഷണം ശരിയായ രീതിയിൽ നടക്കുമെന്നും അതു വേഗം പൂർത്തിയാക്കാനാണ് നിർദേശിച്ചിട്ടുള്ളതെന്നും യോഗത്തെ അറിയിച്ചിരുന്നു.

കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കുന്നതിൽ വീഴ്ചയുണ്ടാകില്ലെന്നും പി.പി ദിവ്യക്കെതിരേ ഇപ്പോൾ സ്വീകരിക്കാൻ കഴിയുന്ന നടപടികൾ എല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും പറഞ്ഞ മുഖ്യമന്ത്രി പക്ഷേ പരസ്യപ്രതികരണത്തിന് ഇതുവരെയും തയാറായിരുന്നില്ല.

ദിവ്യയുടെ മുന്‍കൂര്‍ ജാമ്യം ഇന്ന് പരിഗണിക്കും
കണ്ണൂര്‍: എ.ഡി.എം നവീന്‍ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.ടി നിസാർ അഹമ്മദ് ഇന്ന് പരിഗണിക്കും. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ വക്കാലത്തും ഇന്ന് കോടതി പരിഗണിക്കും. മഞ്ജുഷയ്ക്കുവേണ്ടി അഭിഭാഷകരായ ജോണ്‍ റാല്‍ഫ്, പി.എം സജിത എന്നിവരാണ് ഹാജരാവുക.


Reporter
the authorReporter

Leave a Reply