കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പി.പി.ദിവ്യക്കെതിരെ രൂക്ഷ പരാമര്‍ശങ്ങളുമായി പൊലിസിന്റെ അന്വേഷണ റിപ്പോര്‍ട്ട് . നവീന്‍ ബാബുവിനെ അവഹേളിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദിവ്യ യാത്രയയപ്പ് യോഗത്തിന് എത്തിയതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. പൊലിസിന് ലഭിച്ച മൊഴികളും ആത്മഹത്യാപ്രേരണ കുറ്റം ഉറപ്പിക്കുന്നതാണ്. റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.
നവീന്‍ ബാബുവിന്റെ യാത്രയയപ്പ് വീഡിയോ പ്രചരിപ്പിച്ചത് പി.പി ദിവ്യയാണെന്ന് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറും. കലക്ടര്‍ അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ. ഗീത റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുന്നത്.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ. വിജയനെതിരായ തുടര്‍ നടപടികള്‍ സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്. റവന്യൂ മന്ത്രി തലസ്ഥാനത്ത് ഇല്ലാത്തത് കൊണ്ട് ഓഫീസിലായിരിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. റവന്യൂ മന്ത്രി കെ രാജന്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം മുഖ്യമന്ത്രിക്ക് കൈമാറും.
അതിനിടെ നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന് ആരോഗ്യ വകുപ്പിന്റെ അന്വേഷണ സംഘത്തിന് മുമ്പിലും പ്രശാന്ത് ആവര്‍ത്തിച്ചു. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജി കോടതി ഇന്ന് പരിഗണിക്കും.