Saturday, November 23, 2024
EducationLocal News

സ്‌കൂളുകള്‍ തുറക്കല്‍; ജില്ലാ കലക്ടര്‍ സൗകര്യങ്ങള്‍ വിലയിരുത്തി  


കോഴിക്കോട്;  ഒന്നര വര്‍ഷത്തെ അടച്ചിടലിനുശേഷം തുറക്കുന്ന സ്‌കൂളുകളിലെ സൗകര്യങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി ജില്ലയിലെ വിവിധ സ്‌കൂളുകള്‍ സന്ദര്‍ശിച്ചു.  നടക്കാവ് ജി.വി.എച്ച്.എസ്, പരപ്പില്‍ എം.എം.വി.എച്ച്.എസ്.എസ്, പരപ്പില്‍ ജി.എല്‍.പി സ്‌കൂളുകളാണ് സന്ദര്‍ശിച്ചത്.
ക്ലാസ് മുറികള്‍, ശുചിമുറി സൗകര്യങ്ങള്‍, കെട്ടിടങ്ങള്‍, പാചകപ്പുര, ഉപകരണങ്ങള്‍, വാട്ടര്‍ ടാങ്ക്, അടുക്കള, കാന്റീന്‍, വാഷ്ബേസിന്‍, ലാബ്, ലൈബ്രറി എന്നിവ ഉള്‍പ്പെടെ അണുവിമുക്തമാക്കുന്നതും സ്‌കൂളുകളില്‍ നടപ്പാക്കുന്ന കോവിഡ് അനുയോജ്യ പെരുമാറ്റ രീതികളും സംബന്ധിച്ച് കലക്ടര്‍ സ്‌കൂള്‍ അധികൃതരുമായി സംസാരിച്ചു.
കോവിഡ് പ്രതിരോധത്തിന് സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വിട്ടുവീഴ്ചയുണ്ടാകരുതെന്ന് കലക്ടര്‍ പറഞ്ഞു.  കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് കുട്ടികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി സ്‌കൂളുകള്‍ പ്രവര്‍ത്തിക്കണം. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഇരിപ്പിടങ്ങള്‍ സജ്ജീകരിച്ചും ബാച്ചുകള്‍ ഏര്‍പ്പെടുത്തിയുമാണ് ക്ലാസ്സുകള്‍ നടത്തേണ്ടതെന്നും തെര്‍മല്‍ സ്‌കാനിങ്, സാനിറ്റൈസര്‍, മാസ്‌ക് തുടങ്ങിയവ വിദ്യാലയങ്ങളില്‍ ലഭ്യമാക്കണമെന്നും കലക്ടര്‍ ഓര്‍മ്മിപ്പിച്ചു.  വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.പി. മിനി, സ്‌കൂള്‍ അധികൃതര്‍ തുടങ്ങിയവര്‍ സന്ദര്‍ശനത്തില്‍ പങ്കെടുത്തു.

Reporter
the authorReporter

Leave a Reply