കോഴിക്കോട്: കണ്ണൂരില്‍ എഡിഎം കെ.നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് മനുഷ്യത്വരഹിതമാണെന്ന് എംടി രമേശ്. എഡിഎമ്മിന്റെ മരണം കൊലപാതകമായി കണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്ക്ക് എതിരെ പ്രേരണ കുറ്റം ചുമത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അവരുടെ നിലപാടാണ് മരണത്തിലേക്ക് നയിച്ചത് എന്നതിനാല്‍ പ്രേരണകുറ്റം ചുമത്തി കേസെടുണം. പകരം ഒളിഞ്ഞും തെളിഞ്ഞും ദിവ്യയെ ന്യായീകരിക്കുന്ന സമീപനമാണ് സിപിഎമ്മം സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിയും സ്വീകരിക്കുന്നത്. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയില്‍ ഉണ്ടായ സംഭവത്തെക്കുറിച്ച് ഈ നിമിഷം വരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
സിപിഎമ്മം നേതാക്കള്‍ എല്ലാവരും ദിവ്യയെ ന്യായീകരിക്കുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടിയെ സിപിഎം അംഗീകരിക്കുന്നില്ലെങ്കില്‍ പാര്‍ട്ടി അവരെ മാറ്റണം. ബഹുജന പ്രതിഷേധം ഉയര്‍ന്നപ്പോള്‍ അതിനു തടയിടാന്‍ വേണ്ടി പ്രസ്താവന നടത്തി സിപിഎം കൈ കഴുകുകയാണ്. പാര്‍ട്ടിയും മുഖ്യമന്ത്രിയും സൈബര്‍ സഖാക്കളെ കൊണ്ട് എഡിഎമ്മിനെയും അവരുടെ കുടുംബത്തെയും കുറിച്ച് നുണക്കഥകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ്.
പെട്രോള്‍ പമ്പ് അനുവദിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന് എന്താണ് റോള്‍. മെരിറ്റുണ്ടെങ്കില്‍ പെട്രോള്‍ പമ്പിന് അനുവാദം കൊടുക്കാതിരിക്കാന്‍ ആര്‍ക്കും സാധിക്കില്ല. അത് എഡിഎം വിചാരിച്ചാലും കളക്ടര്‍ വിചാരിച്ചാലും സാധിക്കില്ല. അങ്ങനെ ഒരു വിഷയത്തില്‍ എന്തിനാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഇടപെടുന്നത്. സത്യത്തില്‍ അഴിമതി നടത്തുന്നത് എഡിഎം ആണോ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആണോ എന്ന് സിപിഎം വ്യക്തമാക്കണം. ജില്ലാപഞ്ചായത്ത് പ്രസിഡണ്ടിന് വ്യക്തിപരമായി പറ്റിയ പിഴവാണെങ്കില്‍ അവരെ സ്ഥാനത്തുനിന്ന് മാറ്റാന്‍ സിപിഎം തയ്യാറാകണമെന്നും എംടി രമേഷ് പറഞ്ഞു.
എ ഡി എം കണ്ണൂര്‍ ജില്ലയിലെ സിപിഎമ്മിന്റെ കണ്ണില്‍ കരടാവാന്‍ കാരണം ആ ജില്ലയിലെ നേതാക്കന്മാര്‍ നടത്തുന്ന കള്ളത്തരങ്ങള്‍ക്ക് എഡിഎം കൂട്ടു നില്‍ക്കാത്തതാണ്. ദിവ്യയ്ക്ക് എതിരെ ഉയരുന്ന പ്രതിഷേധത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നത് അവരെയും ജില്ലയിലെ സിപിഎം നേതൃത്വത്തെയും സംരക്ഷിക്കാനാണ്.
ദിവ്യയെ പുറത്താക്കി അവരുടെ പേരില്‍ കേസെടുക്കണമെന്നും മുഖ്യമന്ത്രി വാ തുറക്കണമെന്നും എം.ടി രമേശ് ആവശ്യപ്പെട്ടു.