Saturday, November 23, 2024
General

മദ്രസകൾ നിർത്തലാക്കണം ; സംസ്ഥാനങ്ങൾക്ക് ദേശീയ ബാലാവകാശ കമ്മീഷൻ നിർദേശം


ദില്ലി : രാജ്യത്തെ മദ്രസകൾ നിർത്തലാക്കണമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ നിർദേശം. മദ്രസകൾക്കുളള സഹായങ്ങൾ നിർത്തലാക്കണം, മദ്രസ ബോർഡുകൾ നിർത്തലാക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ ദേശീയ ബാലാവകാശ കമ്മീഷൻ സംസ്ഥാനങ്ങൾ നൽകി. സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കമ്മീഷൻ അയച്ച കത്തിലെ വിവരങ്ങളാണ് പുറത്ത് വന്നത്.

മദ്രസകളെ കുറിച്ച് കമ്മീഷൻ പഠിച്ച് റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങൾക്ക് കത്ത് നൽകിയത്. മദ്രസകളിലെ വിദ്യാഭ്യാസത്തിനെതിരെ വലിയ വിമർശനമാണ് കത്തിൽ ഉന്നയിക്കുന്നത്. മുസ്ലിം വിദ്യാർത്ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ മദ്രസകൾ പരാജയപ്പെട്ടുവെന്നാണ് ദേശീയ ബാലാവകാശ കമ്മീഷൻ വിലയിരുത്തൽ. മദ്രസകൾ വിദ്യാഭ്യാസ സംരക്ഷണ നിയമത്തിന് എതിരായാണ് പ്രവർത്തിക്കുന്നതെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു. മദ്രസകൾ കുട്ടികളുടെ പൊതുവിദ്യാഭ്യാസത്തിന് തടസമാകുന്നുവെന്നും, മദ്രസകൾക്ക് നൽകുന്ന സഹായങ്ങൾ സംസ്ഥാന സർക്കാർ നിർത്തലാക്കണമെന്നും 11 പേജുളള കത്തിൽ ചൂണ്ടിക്കാട്ടുന്നു.

മദ്രസകളിലെ മുസ്ലിം ഇതര വിഭാഗത്തിലെ കുട്ടികൾ പഠിക്കുന്നുവെങ്കിൽ അവരെ പൊതു വിദ്യാലയങ്ങളിലേക്ക് മാറ്റണം. മദ്രസയിൽ പഠിക്കുന്ന മുസ്ലിം കുട്ടികൾക്ക് പൊതു വിദ്യാഭ്യാസവും ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിലുളളത്.


Reporter
the authorReporter

Leave a Reply