സൂര്യ വിനീഷ്….
സ്വാതന്ത്ര്യ സമരപോരാട്ടങ്ങളുടെ കാലത്ത് സ്വദേശി പ്രസ്ഥാനം ശക്തിപ്പെടുത്തുകയും ദേശീയബോധം ഉയർത്തിക്കാട്ടുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഖാദി വസ്ത്രം പ്രചരിച്ചത്. അതായത് സ്വാതന്ത്ര്യസമര കാലത്തെ നീണ്ട ചരിത്രം കൂടി പറയാനുണ്ട് ഖാദി മേഖലയ്ക്ക്. കാലവും കാഴ്ചപ്പാടുകളും മാറിയിട്ടും ഇന്നും രാഷ്ട്രീയക്കാർ ഉൾപ്പെടെ സമൂഹത്തിലെ വിവിധ മേഖലകളിൽ ഉള്ളവർ അഭിമാനത്തിന്റെ ഭാഗമായി ധരിക്കാൻ ഇഷ്ടപ്പെടുന്നതും ഖാദി വസ്ത്രങ്ങൾ തന്നെ.
പ്രിയം ഏറെ ഉണ്ടെങ്കിലും സർക്കാറുകളും ഭരണകൂടങ്ങളും ഖാദി ബോർഡിനോടും തൊഴിലാളികളോടും കാണിക്കുന്നത് തികഞ്ഞ അവജ്ഞ. തുണിത്തരങ്ങളിലെ കനത്ത വില, പക്ഷേ പണിയെടുക്കുന്ന തൊഴിലാളികൾക്ക് ലഭിക്കാറില്ല എന്നതാണ് യാഥാർത്ഥ്യം. ആനുകൂല്യങ്ങൾ കിട്ടാത്തതിന്റെ പേരിൽ ഈ മേഖലയിലെ നൂൽനൂൽപ്പ് തൊഴിലാളികൾ പലതവണ പരാതിയുമായി രംഗത്തെത്തിയിരുന്നു. പക്ഷേ ഇത്തരം പ്രതിഷേധങ്ങൾക്ക് ദിവസങ്ങളുടെ ആയുസ്സ് മാത്രമാണ് ഉണ്ടാവുക. ആദ്യം രണ്ട് പ്രളയങ്ങളിലൂടെയും നിപ്പയിലൂടെയും ദുരിതങ്ങൾ പെയ്തിറങ്ങിയപ്പോൾ ഇത്തവണ അത് കോവിഡിന്റെ രൂപത്തിലാണ്. രണ്ടു വർഷങ്ങളിലെ വിഷു, ഓണം സീസണുകളാണ് ഖാദി മേഖലയ്ക്ക് നഷ്ടപ്പെട്ടത്. ഇതോടെ നെയ്ത്തു തെറികളും നിശ്ചലമായി.
കോവിഡ് 19 എന്ന മഹാമാരി ലോകത്തിലെ എല്ലാ മേഖലകളെയും കാര്യമായി ബാധിച്ചിട്ടുണ്ട്. കാലങ്ങളായി പ്രതിസന്ധിയിലായ ഖാദി മേഖലയെയും ഈ ദുരിതം വലിയ രീതിയിൽ തന്നെയാണ് ബാധിച്ചിരിക്കുന്നത്. ഏതാണ്ട് 50 കോടിയോളം രൂപയാണ് ഖാദി ബോർഡ് റിബേറ്റ് കുടിശ്ശിക ഇനത്തിൽ മറ്റ് സ്ഥാപനങ്ങൾക്ക് നൽകാനുള്ളത്. കൂടാതെ സർക്കാർ വിഹിതത്തിൽ നിന്നുള്ള 60% തുകയും വർഷങ്ങളായി സംഘങ്ങൾക്ക് ലഭിക്കുന്നില്ല. ഇതോടെ നാമമാത്രമായ കൂലി ലഭിക്കുന്ന തൊഴിലാളികളും ദുരിതത്തിലായി. രണ്ടര വർഷത്തെ ഇൻസെൻസിറ്റീവ് കുടിശ്ശികയാണ്. ദിവസം 40 രൂപയാണ് കൂലി. എങ്കിലും 2011 മുതൽ മിനിമം വേതനം സർക്കാർ കണക്കിൽ 350 രൂപയാണ്. ഇത്രയും കൂലി കിട്ടാൻ 5.6 മീറ്റർ മുണ്ട് നെയ്യണം. അതിനായി ഒരു തൊഴിലാളി മൂന്നുദിവസം വിശ്രമമില്ലാതെ കഠിനാധ്വാനം ചെയ്യേണ്ടി വരും. ഒരു മീറ്റർ മുണ്ടു നെയ്താൽ 27 രൂപയാണ് കൂലി. സാധാരണ തൊഴിലാളികൾക്ക് ദിവസം ഒരു മുണ്ട് മാത്രമേ നെയ്യാൻ സാധിക്കുകയുള്ളൂ. പരിചയ സമ്പന്നരായ തൊഴിലാളികൾക്ക് പോലും ദിവസം ഒന്നര മുണ്ടിൽ കൂടുതൽ നെയ്യാനാവില്ല. യാഥാർത്ഥ്യം ഇങ്ങനെയായിരിക്കെയാണ് മിനിമം വേതനം 350 രൂപയായി സർക്കാർ രേഖകളിലുള്ളത്
നെയ്ത്തിന് വേണ്ട നൂല് ചുറ്റുന്നതും നെയ്ത്തുകാർ തന്നെയാണ്. നല്ല ചുറ്റുക എന്നാണ് ഈ ജോലി അറിയപ്പെടുന്നത്. രാത്രികാലങ്ങളിലാണ് നല്ല ചുറ്റുക. രാത്രി 12 മണി വരെയെങ്കിലും നല്ല ചുറ്റിയാൽ മാത്രമേ പിറ്റേദിവസം ഒരു മുണ്ടെങ്കിലും തൊഴിലാളിക്ക് നെയ്തെടുക്കാൻ സാധിക്കുകയുള്ളൂ. 400 ഉം 500 ഉം രൂപയ്ക്ക് വിപണിയിൽ വിൽക്കുന്ന മുണ്ട് നെയ്യാൻ ബോർഡ് നൽകുന്നത് 48 രൂപ മാത്രമാണ്.
അശാസ്ത്രീയമായ ഈ വേതന വ്യവസ്ഥ മാറ്റണമെന്നുമുള്ള നെയ്ത്ത് തൊഴിലാളികളുടെ ആവശ്യങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. ഈ വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടിട്ടു പോലും താൽക്കാലിക പരിഹാരമായി എന്നതിനപ്പുറത്തേക്ക് തൊഴിലാളികളുടെ ദുരിതങ്ങൾക്ക് അറുതിവരുത്താൻ കഴിഞ്ഞിട്ടില്ല.
സംസ്ഥാനമാകെ ഖാദി മേഖലയിൽ 10,000 ലധികം പേർ ജോലി ചെയ്യുന്നുണ്ട്. ഇതിൽ കോഴിക്കോട് സർവോദയ സംഘത്തിന് മാത്രം അഞ്ചു കോടി രൂപയോളമാണ് റിബേറ്റ് ഇനത്തിൽ തിരികെ ലഭിക്കാനുള്ളത്. സാമ്പത്തിക പ്രതിസന്ധികൾക്കൊപ്പം കോവിഡിന്റെ അടച്ചു പൂട്ടലുകൾ കൂടി എത്തിയപ്പോൾ തൊഴിലാളികൾക്ക് കൂലി കൊടുക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ വിപണിയിലും കാര്യമായ വില്പന നടന്നില്ല. മുൻകാലങ്ങളിൽ ഓണക്കാലത്തു 20 കോടി രൂപയുടെ വരെ കച്ചവടം ഖാദി ബോർഡിൽ നടന്നിരുന്നു. ഒരു ദിവസം മാത്രം 10 ലക്ഷം രൂപയുടെ കച്ചവടം നടന്നിരുന്നതായും കണക്കുകൾ പറയുന്നു. നിലവിലെ കണക്കനുസരിച്ച് 2021 ആദ്യ ആറു മാസങ്ങളിൽ കച്ചവടം പകുതിയിലധികമായാണ് കുറഞ്ഞിരിക്കുന്നത്.
തൊഴിലുറപ്പു ജോലിക്ക് പോലും 271 രൂപ കൂലി ലഭിക്കുമ്പോൾ ഏറെ വൈദഗ്ധ്യവും ബുദ്ധിമുട്ടും ആവശ്യമുള്ള ഖാദി തൊഴിലാളികൾക്ക് നാമമാത്രമായ വേതനമാണ് ലഭിക്കുന്നത്. തുച്ഛമായ കൂലി ആയതിനാൽ ഈ മേഖലയിൽ നിന്നു തൊഴിലാളികൾ കൊഴിഞ്ഞു പോവുകയാണ്. പുതിയ തലമുറയിൽ പെട്ട ആരുംതന്നെ ഈ രംഗത്തേക്ക് കടന്നു വരുന്നുമില്ല. കോഴിക്കോട് ജില്ലയിൽ മാത്രം 1036 നെയ്തു തൊഴിലാളികളാണ് ഇപ്പോഴുള്ളത്.
ജീവനക്കാരുടെ ശമ്പളം പോലും മുടങ്ങുന്ന അവസ്ഥയിലാണ് ഖാദി മേഖല. പ്രതിമാസം 40 ലക്ഷം രൂപ ശമ്പളയിനത്തിൽ മാത്രം ചെലവ് വരും. ഖാദി ഉൽപ്പന്നങ്ങൾ ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്ന നടക്കേണ്ട ഈ ഘട്ടത്തിലാണ് കോവിഡ് നിയന്ത്രണങ്ങൾ മേഖലയെ ശ്വാസം കുടിക്കുന്നത്. റിബേറ്റ് കുടിശ്ശിക അനുവദിച്ചാൽ ഖാദി മേഖലയെ താൽക്കാലികമായ ആശ്വാസമാകും. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ജില്ലാ കലക്ടർക്ക് നിവേദനം നൽകിയെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. വസ്ത്രങ്ങൾക്കു പുറമേ ചെരുപ്പുകൾ കരകൗശല വസ്തുക്കൾ പേനയും ഗാന്ധി സ്ഥാപനങ്ങൾ വഴി വിൽപന നടത്തുന്നുണ്ട്.
Soorya vineesh