Tuesday, October 15, 2024
GeneralLatest

ബിനീഷ് കോടിയേരിക്ക് ജാമ്യം


ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുകയായിരുന്ന ബിനീഷ് കോടിയേരിക്ക് ജാമ്യം. കർണാടക ഹൈക്കോടതിയുടേതാണ് വിധി. ഏറെ ചർച്ചകൾക്ക് വഴി വെച്ച കേസായിരുന്നു ഇത്. ഉപാധികളോടെയാണ് ബിനീഷ് കോടിയേരിക്ക് കോടതി ജാമ്യം അനുവദിച്ചത്. കേസിൽ ബിനീഷ് അറസ്റ്റിലായി ഒരു വർഷം തികയാനിരിക്കെയാണ് ജാമ്യം.

2020 ഒക്ടോബർ 29 നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ ഇ.ഡി അറസ്റ്റ് ചെയ്തത്. അറസ്റ്റിനു ശേഷം നിരവധി തവണ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. കേസില്‍ ബിനീഷ് കോടിയേരി അറസ്റ്റിലായിട്ട് നാളെ ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. ബംഗളുരു മയക്കു മരുന്നു കേസില്‍ കൊച്ചി സ്വദേശിയായ അനൂപ് മുഹമ്മദ് അറസ്റ്റിലായത് മുതൽ തന്നെ ബിനീഷിന്റെ പേരും ഉയർന്നു വന്നിരുന്നു. പിന്നെയാണ് ബിനീഷിനെയും അറസ്റ്റ് ചെയ്തത്.

അനൂപുമായി പരിചയമുണ്ടെന്നും ബെംഗളൂരുവില്‍ ഹോട്ടല്‍ നടത്താനായി പണം വായ്പ നല്‍കിയതല്ലാതെ മറ്റ് ഇടപാടുകളില്ലെന്നും ബിനീഷ് മൊഴി നൽകിയെങ്കിലും തെളിവുകൾ ബിനീഷിനു എതിരായിരുന്നു. ബിനീഷിനെതിരെ സാക്ഷികളും രംഗത്ത് വന്നു. ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ നടന്ന റെയ്ഡില്‍ അനൂപിന്റെ ഡെബിറ്റ് കാര്‍ഡ് കണ്ടെടുത്തു. അനൂപ് ബിനീഷിന്റെ ബെനാമിയാണെന്നാണ് ഇ.ഡി വാദിക്കുന്നത്. 14 ദിവസം ഇഡി കസ്റ്റഡിയില്‍ ചോദ്യം ചെയ്തതിനു ശേഷം നവംബര്‍ 11 മുതല്‍ ബെംഗളൂരു പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാണു ബിനീഷ്. ജാമ്യത്തിനായി പലതവണ കോടതി കയറിയിറങ്ങിയെങ്കിലും ലഭിച്ചിരുന്നില്ല.


Reporter
the authorReporter

Leave a Reply