കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ നടന്‍ സിദ്ദീഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ് പിയുടെ പേരിലാണ് ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചത്. സിദ്ദിഖ് ഒളിവിലാണെന്നും കണ്ടെത്തുന്നവര്‍ പൊലിസിനെ അറിയിക്കണമെന്നും നോട്ടിസില്‍ പറയുന്നു. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സിദ്ദീഖ് സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്.
യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനു പിന്നാലെ മൂന്നു ദിവസമായി സിദ്ദിഖ് ഒളിവിലാണ്. ജാമ്യഹർജി തള്ളുന്നതിന് തൊട്ടുമുമ്പ് വരെ പൊതുയിടങ്ങളില്‍ സജീവമായിരുന്ന സിദ്ദിഖ് അപ്രത്യക്ഷ്യമായത് പൊലിസിന്റെ അറിവോടെയാണെന്നും പൊലിസ് ഇതിന് സഹായം നല്‍കിയെന്നും പരാതിയുണ്ട്. അതിനിടെ സിദ്ദിഖ് രാജ്യം വിട്ടുപോയിട്ടില്ലെന്നാണ് സുപ്രിംകോടതിയില്‍ നടത്തിയ നീക്കങ്ങളിലൂടെ മനസിലാക്കാന്‍ കഴിയുന്നത്. കേസ് സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ പൊലിസ് അറസ്റ്റ് നടപടിയിലേക്ക് നീങ്ങില്ലെന്നാണ് സൂചന. അതേസമയം പീഡനക്കേസില്‍ ഹൈക്കോടതികള്‍ ജാമ്യം നിഷേധിച്ചാല്‍ സുപ്രിം കോടതി അനുകൂലമായി വിധിപുറപ്പെടുവിക്കുന്നത് വളരെ അപൂര്‍വമാണെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
2016 ജനുവരി 28ന് തിരുവനന്തപുരത്തെ ഹോട്ടലില്‍, തന്നെ വിളിച്ചുവരുത്തി സിദ്ദിഖ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവനടിയുടെ പരാതി. ഒന്നരമാസക്കാലം നീണ്ടുനിന്ന അന്വേഷണത്തിനൊടുവില്‍ യുവതിയുടെ പരാതി ശരിവയ്ക്കുന്ന ശക്തമായ തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭ്യമായത്.