Politics

ജനാധിപത്യത്തിന്റെ അടിത്തറയിളക്കുന്ന ചര്‍ച്ചകളാണ് കേരളത്തില്‍ സംഭവിക്കുന്നത്: പി.എസ് ശ്രീധരന്‍ പിള്ള


കോഴിക്കോട്; നാട് കണ്ട സമര്‍പ്പിത ജീവിതത്തിന്റെ ഉടമയും പകരം വയ്ക്കാനില്ലാത്ത സംഘാടകനുമായിരുന്നു ബിജെപി മുന്‍ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി പി.പി.മുകുന്ദനെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള. പി.പി മുകുന്ദന്‍ അനുസ്മരണ സമിതി സംഘടിപ്പിച്ച ശ്രദ്ധാഞ്ജലി വന്ദേമുകുന്ദവും അവാര്‍ഡ് സമര്‍പ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കക്ഷിരാഷ്ട്രീയത്തിനധീതമായി വ്യക്തിബന്ധങ്ങള്‍ സൂക്ഷിച്ചിരുന്നയാളാണ് മുകുന്ദന്‍. ഇന്നു കാണുന്ന വിദ്വേഷം ജനാധിപത്യത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു. കാണാന്‍ പോയോ കണ്ടോ എന്നൊക്കെയാണ് ഇന്ന് കേരളത്തിലെ പ്രധാന ചര്‍ച്ചവിഷയം ജനാധിപത്യവ്യവസ്ഥയില്‍ വ്യത്യസ്ത രാഷ്ട്രീയവും ആശയവും വൈരുദ്ധ്യമല്ല, വൈവിധ്യമാണെന്നും അദ്ദേഹം പറഞ്ഞു. ബീഹാറില്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയും ജനസംഘവും ഒരേ മന്ത്രിസഭയിലെ അംഗങ്ങളായതിനെ കുറിച്ച് 1967ല്‍ കോഴിക്കോട് സമ്മേളനത്തില്‍ ദീന്‍ദയാല്‍ ഉപാധ്യയോട് പത്രക്കാരുടെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ജനാധിപത്യത്തില്‍ എല്ലാവരും സ്വീകാര്യരാണെന്നും രാഷ്ട്രീയത്തിലെ അസ്പൃശ്യത കുറ്റകരമാണെന്നുമായിരുന്നു. തൊട്ടുകൂടായ്മ മാത്രമല്ല, ദൃഷ്ടിയില്‍ പെട്ടാലും ദോഷമുള്ളോരെന്ന കാലത്തിലേക്ക് ഇപ്പോള്‍ കേരളം തിരിച്ചുപോകുകയാണ്. കപടമുഖങ്ങളോടെ യുദ്ധംചെയ്യുന്ന ഇരുമുന്നണികളും ഇക്കാര്യം പഠിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
നരേന്ദ്രമോദിയോടെ അസ്പൃശ്യത പുലര്‍ത്തിയ മുഖ്യമന്ത്രിയും പിന്നീട് മുഖ്യമന്ത്രിയായ പ്രതിപക്ഷനേതാവും ഡല്‍ഹിയില്‍ അപേക്ഷ കൊടുത്ത് കാത്തിരുന്ന് കാണാന്‍ പോയ ചരിത്രം മറക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് കൂടിക്കാഴ്ചകളെ കുറിച്ച് പരസ്പരം ചര്‍ച്ച ചെയ്യുന്ന മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും 80 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ബിജെപി നേതാവ് ഓ.രാജഗോപാലിനെ പിന്താങ്ങിയത് യുഡിഎഫ് ആണെന്നുമുള്ള കാര്യം ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

താന്‍ പറയുന്നത് കക്ഷിരാഷ്ട്രീയമല്ലെന്നും പൊതുരാഷ്ട്രീയം പറയാന്‍ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.പി.പി.മുകുന്ദന്‍ സേവാ പുരസ്‌കാരം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഏറ്റുവാങ്ങി. ദേശീയ സമിതി അംഗം കെ.പി.ശ്രീശന്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ആമുഖപ്രഭാഷണം നടത്തി. പി.ഗോപാലന്‍ കുട്ടി മാസ്റ്റര്‍, പി.വി.ചന്ദ്രന്‍, കെ.നാരായണൻ മാസ്റ്റർ, അഡ്വ. വി.കെ.സജീവന്‍, പി.ഉണ്ണികൃഷ്ണന്‍, അഡ്വ.കെ.വി.സുധീര്‍ സംസാരിച്ചു. തന്നെ കാണാനെത്തിയ നാലര വയസ്സുകാരിയായ ആരാധിക ശ്രേഷ്ഠയ്ക്ക് ചടങ്ങില്‍ ഓണക്കോടി സമ്മാനിച്ചു. കോഴിക്കോട്ടെത്തുമ്പോള്‍ നേരില്‍ കാണാമെന്ന് ശ്രേഷ്ഠയ്ക്ക് നേരത്തെ വാക്ക് നല്‍കിയിരുന്നു. സുരേഷ് ഗോപി മറുപടി നല്‍കി.


Reporter
the authorReporter

Leave a Reply