കൊല്‍ക്കത്ത: വനിതാ പി.ജി ഡോക്ടറെ ബലാംത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യമെങ്ങും ശക്തമായ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധത്തെ തുടര്‍ന്ന് സംഭവം നടന്ന കൊല്‍ക്കത്ത ആര്‍.ജി കാര്‍ ആശുപത്രി പരിസരത്ത് പൊലിസ് നിരോധനാജ്ഞ ഏര്‍പ്പെടുത്തി. 7 ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. ആശുപത്രി പരിസരത്ത് സമരമോ ധര്‍ണയോ പാടില്ലെന്ന് പൊലിസ് നിര്‍ദേശം നല്‍കി.
ആശുപത്രി പരിസരത്ത് റാലികള്‍, യോഗങ്ങള്‍, ഘോഷയാത്രകള്‍, ധര്‍ണകള്‍, പ്രകടനങ്ങള്‍, അഞ്ചോ അതിലധികമോ ആളുകളുടെ നിയമവിരുദ്ധമായി ഒത്തുകൂടല്‍ എന്നിവ നിരോധിച്ചിട്ടുണ്ടെന്ന് പൊലിസ് കമ്മീഷണര്‍ വിനീത് കുമാര്‍ ഗോയല്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
ആഗസ്ത് 9നാണ് കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജില്‍ ഡ്യൂട്ടിക്കിടെ യുവ ഡോക്ടറെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം ഉണ്ടായത്.
സംഭവത്തില്‍ ഡോക്ടര്‍മാരുടെ രാജ്യവ്യാപക പ്രതിഷേധം നടക്കുന്നുണ്ട്. ബുധനാഴ്ച, ആര്‍ജി കാറിലെ സമരപന്തലും ആശുപത്രി കാമ്പസും ഒരുകൂട്ടം ആളുകള്‍ ആക്രമിച്ചിരുന്നു . സംഭവത്തില്‍ പത്തിലധികം പേര്‍ അറസ്റ്റിൽ ആയിട്ടുണ്ട്.