കോഴിക്കോട്: കേരള സർവീസ് റൂൾസ് പാർട്ട് III പ്രകാരം മൂന്ന് വർഷത്തിലധികമായി പെൻഷൻ വാങ്ങാതിരുന്നാൽ അത് നിർത്തലാക്കുമെന്നും പെൻഷനർ നേരിട്ട് ഹാജരാവുകയാണെങ്കിൽ ഹാജരായ തീയതി മുതൽ പെൻഷൻ പുനരാരംഭിക്കുമെന്നും ട്രഷറി ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
മസ്റ്ററിങ് ചെയ്യാത്തതിനാൽ മൂന്നു വർഷത്തിലധികമായി ലഭിക്കാതിരുന്ന പെൻഷൻ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നല്ലളം കുന്നുമ്മൽ സ്വദേശിനി സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഭൂജല വകുപ്പിൽ പാർടൈം സ്വീപ്പറായിരുന്ന പരാതിക്കാരി എൻ.കെ പാത്തുമാബി 2014 ജൂലൈ 31 നാണ് സർവീസിൽ നിന്നും വിരമിച്ചത്.
വാർഷിക മസ്റ്ററിങ് നടത്താത്തതുകൊണ്ടാണ് പെൻഷൻ മുടങ്ങിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. എല്ലാ വർഷവും മസ്റ്ററിങ് നടത്തണം. നേരിട്ട് ട്രഷറിയിൽ ഹാജരായോ ലൈഫ് സർട്ടിഫിക്കറ്റ് നൽകിയോ ജീവൻ പ്രമാൺ പോർട്ടൽ പോലെയുള്ള ബയോമസ്റ്ററിങ് സൗകര്യമോ ഇതിനുവേണ്ടി ഉപയോഗിക്കാം. ഒരു വർഷം മസ്റ്ററിങ് നടത്തിയില്ലെങ്കിൽ പെൻഷൻ നിർത്തലാക്കുന്ന കോർ സംവിധാനമാണ് ട്രഷറിയിൽ നിലവിലുള്ളത്. 2022 ഒക്ടോബർ 4 ന് പരാതിക്കാരി ട്രഷറിയിൽ നേരിട്ടെത്തി മസ്റ്ററിങ് നടത്തിയിട്ടുണ്ട്. പെൻഷൻ പുനരാരംഭിക്കുന്നതിനുള്ള അപേക്ഷ അക്കൗണ്ടന്റ് ജനറലിന് നൽകി. 2023 ജൂലൈ 19 ന് പരാതിക്കാരിയുടെ പെൻഷൻ എ.ജി. പുനരാരംഭിച്ചെങ്കിലും 2022 ന് മുമ്പുള്ള കുടുശ്ശിക നൽകാൻ സർക്കാർ അനുമതി ആവശ്യമാണ്. 2019 മുതൽ 2022 വരെയുള്ള പെൻഷൻ കുടുശ്ശിക ലഭിക്കാനുള്ള അപേക്ഷ നൽകാൻ പരാതിക്കാരിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ട്രഷറി ഡയറക്ടർ അറിയിച്ചു.സർക്കാർ അനുമതി ലഭിച്ചാലുടൻ പെൻഷൻ കുടിശ്ശിക വിതരണം ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു. 2023 ജൂലൈ മുതൽ പെൻഷൻ മുടക്കമില്ലാതെ നൽകുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി.













