തിരുവനന്തപുരം: റേഷൻ കടകൾ വഴിയുള്ള മണ്ണെണ്ണ വിതരണത്തിൽ നിയന്ത്രണമേർപ്പെടുത്തി പൊതുവിതരണ വകുപ്പ്. ഇനി മുതൽ ഒരു പഞ്ചായത്തിലെ രണ്ട് റേഷൻ കടയിൽ നിന്ന് മാത്രം മണ്ണെണ്ണ വിതരണം ചെയ്യാനാണ് തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ പുറത്തിറക്കി.
മണ്ണെണ്ണ വിതരണത്തിലെപ്രതിസന്ധി ഒഴിവാക്കുന്നതിന് വേണ്ടിയാണ് നിയന്ത്രണമെന്നാണ് സർക്കാരിന്റെ വിശദീകരണം. എന്നാൽ, മണ്ണെണ്ണ വിതരണം ഏറ്റെടുക്കില്ലെന്ന് റേഷൻ ഡീലേഴ്‌സ് കോഡിനേഷൻ സമിതി വ്യക്തമാക്കി. റേഷൻ വിതരണത്തെ തകർക്കുന്നതാണ് ഉത്തരവെന്ന് റേഷൻ വ്യാപാരികൾ ആരോപിക്കുന്നു.
പ്രതിഷേധവുമായി വ്യാപാരികള്‍
കോഴിക്കോട്: റേഷന്‍ കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണം പരിമിതപ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവിനെതിരേ റേഷന്‍ വ്യാപാരികള്‍. ഒരു പഞ്ചായത്തിലെ രണ്ട് റേഷന്‍ കടകളിലൂടെ മാത്രം മണ്ണെണ്ണ വിതരണം നടത്തണമെന്നാണ് കഴിഞ്ഞ ദിവസം പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണര്‍ ഉത്തരവിറക്കിയത്. ഇതിനെതിരേയാണ് റേഷന്‍ വ്യപാരികള്‍ രംഗത്തുവന്നിരിക്കുന്നത്. റേഷന്‍ വിതരണത്തെ മൊത്തത്തില്‍ തകര്‍ക്കുന്നതാണ് ഉത്തരവെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു.
കാര്‍ഡുടമക്ക് ഏതു റേഷന്‍കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നതിനുള്ള പോര്‍ട്ടബിലിറ്റി സംവിധാനം നിലവിലുള്ളതിനാല്‍ മണ്ണെണ്ണ വിതരണം നടത്തുന്ന ഷോപ്പുകളെ മാത്രം ആശ്രയിക്കാന്‍ കാര്‍ഡുടമകൾ നിര്‍ബന്ധിതരാകും. അത് മറ്റു റേഷന്‍കടകളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അതിനാല്‍ തന്നെ ഇത്തരത്തില്‍ റേഷന്‍ മണ്ണെണ്ണ വിതരണം ഏറ്റെടുക്കുന്നതിന് നിര്‍വാഹമില്ലെന്നും റേഷന്‍ ഡീലേഴ്‌സ് കോ ഓഡിനേഷന്‍ സമിതി പറയുന്നു. മണ്ണെണ്ണ വിഹിതം മുഴുവന്‍ കാര്‍ഡുടമകള്‍ക്കും തുല്യമായി എല്ലാ റേഷന്‍ കടകളിലൂടെയും വിതരണം ചെയ്യുന്നതിനുള്ള സംവിധാനം പുഃ:സ്ഥാപിക്കണമെന്നാണ് ഇവരുടെ ആവശ്യം.