തിരുവനന്തപുരം: ഓട്ടിസം ബാധിതനായ വിദ്യാര്‍ത്ഥിയെ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് നിര്‍ബന്ധിച്ച് പുറത്താക്കിയെന്ന ആരോപണത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ രണ്ടാഴ്ചയ്ക്കകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍ പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂ നാഥ് ഉത്തരവില്‍ ആവശ്യപ്പെട്ടു.
തൈക്കാട് ഗവ. മോഡല്‍ സ്‌കൂളിലെ പ്രധാന അധ്യാപകനെതിരായാണ് ആരോപണമുയര്‍ന്നത്. സ്‌കൂളില്‍ നടന്ന ഒരു പൊതു പരിപാടിക്കിടയില്‍ കുട്ടി ശബ്ദമുണ്ടാക്കിയെന്ന് പറഞ്ഞ് കുട്ടിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കുകയായിരുന്നു. അമ്മ ഇതിന് മൂന്ന് മാസത്തെ സാവകാശം ചോദിച്ചെങ്കിലും പ്രിന്‍സിപ്പല്‍ ഒരാഴ്ച മാത്രമാണ് സമയം നല്‍കിയതെന്നും കുട്ടി ഈ സ്‌കൂളില്‍ തുടര്‍ന്നാല്‍ മറ്റ് കുട്ടികള്‍ സ്‌കൂളില്‍ വരില്ലെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞതായും ആരോപണമുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
സ്‌കൂളിലേക്കുള്ള ദൂരം കൂടുതലായതിനാല്‍ കുട്ടിയുടെ ടി.സി. വാങ്ങുന്നു എന്ന് അപേക്ഷയില്‍ എഴുതണമെന്നും പ്രിന്‍സിപ്പല്‍ നിര്‍ദ്ദേശം നല്‍കിയതായും അമ്മ പറഞ്ഞു. മണക്കാട് സ്വദേശിയാണ് വിദ്യാര്‍ത്ഥി. ദ്യശ്യമാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.