കോഴിക്കോട്: മെഡി. കോളജിന്റെ അനുബന്ധ സ്ഥാപനമായ സൂപ്പര്‍ സ്‌പെഷാലിറ്റി കോംപ്ലക്‌സിലെ എം.ആര്‍.ഐ സ്‌കാനിങ് യന്ത്രം പണിമുടക്കിയിട്ട് മാസങ്ങളായി. ഹൃദ്രോഗം, കിഡ്‌നി, മൂത്രാശയ രോഗങ്ങള്‍ എന്നിവക്ക് ചികിത്സ തേടിയെത്തുന്നവരെയാണ് പ്രധാനമായും സൂപ്പര്‍ സ്‌പെഷാലിറ്റി വാര്‍ഡുകളില്‍ പ്രവേശിപ്പിക്കുന്നതെങ്കിലും മറ്റ് അസുഖങ്ങളുമായി മെഡി. കോളജിന്റെ അനുബന്ധ സ്ഥാപനങ്ങളില്‍നിന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം എം.ആര്‍.ഐ സ്‌കാനിങ്ങിന് വിധേയരാകേണ്ടുന്ന നിര്‍ധനരും നിലാരംബരുമായ നിരവധി രോഗികള്‍ ഊഴം കാത്ത് സ്‌കാനിങ്ങിന് ആശ്രയിക്കുന്ന യന്ത്രമാണ് കേടുവന്നത്.
യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട നിര്‍മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. യന്ത്രം തകരാറായതോടെ അത്യാഹിത വിഭാഗം ഉള്‍പ്പെടുന്ന പി.എം.എസ്.എസ്.വൈ കോംപ്ലക്‌സില്‍ പ്രവര്‍ത്തിച്ചുവരുന്ന എം.ആര്‍.ഐ യൂനിറ്റില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. സൂപ്പര്‍ സ്‌പെഷാലിറ്റിയില്‍ നിന്ന് ഡേറ്റ് ലഭിച്ച് ഊഴം കാത്തിരിക്കുന്നവരും അത്യാഹിതത്തില്‍ പെടുന്ന അടിയന്തിര കേസുകളും ആശുപത്രിയുടെ മറ്റ് വിഭാഗങ്ങളില്‍ നിന്നെത്തിച്ചേരുന്ന രോഗികളും എത്തുന്നതോടെ പ്രവര്‍ത്തിക്കുന്ന യന്ത്രത്തിന് ലോഡ് കൂടുതലാണ്. ഇതും പണിമുടക്കിയാല്‍ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരികയും രോഗിയെ കൊണ്ടുപോകാന്‍ ആംബുലന്‍സ് ഉള്‍പ്പടെ വാഹനങ്ങളെ ആശ്രയിക്കേണ്ടിവരികയും സാധാരണക്കാരന് താങ്ങാന്‍ പറ്റാത്ത സാമ്പത്തിക ചെലവുകള്‍ വഹിക്കേണ്ടിവരികയും ചെയ്യുമെന്ന കാര്യം ഉറപ്പാണ്.
ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ട് വരാന്‍ രൂപീകരിച്ച ആശുപത്രി വികസന സമിതിയും വേണ്ടത്ര ജാഗ്രത കാണിക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്.