GeneralHealth

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; 12 വയസുകാരന് രോഗം സ്ഥിരീകരിച്ചു, നില ഗുരുതരം

Nano News

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. ചര്‍ദ്ദിയും തലവേദനയും ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 12 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് ദിവസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി. കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

രോഗലക്ഷണങ്ങളുമായി കഴിഞ്ഞ തിങ്കളാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫാറൂഖ് കോളജിനടുത്ത് അച്ചംകുളത്തില്‍ കുട്ടി കുളിച്ചിരുന്നു. ഇതാവാം രോഗബാധയ്ക്ക് കാരണമെന്നാണ് പ്രാഥമികനിഗമനം.

നേരത്തെ, കണ്ണൂര്‍ തോട്ടട സ്വദേശിയായ 13 കാരിയും മലപ്പുറം മുന്നിയൂര്‍ സ്വദേശിയായ അഞ്ച് വയസുകാരിയും രോഗം ബാധിച്ച് മരിച്ചിരുന്നു.

നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു രോഗമാണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്‌കജ്വരം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്.


Reporter
the authorReporter

Leave a Reply