Saturday, November 23, 2024
climatGeneral

മഴ ശക്തമാകുന്നു


സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ് നൽകിയത്. കഴിഞ്ഞ ഒരാഴ്ചയായി ദുർബലമായിരുന്ന കാലവർഷം വെള്ളിയാഴ്ചയോടെ ശക്തമാകാൻ സാധ്യതയുെണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. കഴിഞ്ഞ ദിവസം ഇടിമിന്നലേറ്റ് സംസ്ഥാനത്ത് രണ്ടു സ്ത്രീകൾ മരിച്ചിരുന്നു. ഉയർന്ന തിരമാലക്കും കടലേറ്റത്തിനും സാധ്യതയുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

നാളെ (വെള്ളി) മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയാണ് പ്രവചിച്ചിട്ടുള്ളത്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ശനിയാഴ്ചയും അതിശക്തമായ മഴയുണ്ടാകാൻ സാധ്യതയുള്ളതിനാൽ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉണ്ട്. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്.

മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ആന്ധ്രാ തീരത്തിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. ഇതിന്റെ സ്വാധീനമാണ് സംസ്ഥാനത്ത് മഴ സജീവമാകാൻ കാരണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ശനിയാഴ്ചയോടെ കേരളാ തീരത്ത് തെക്ക് പടിഞ്ഞാറൻ കാറ്റ് സജീവമായേക്കും.


Reporter
the authorReporter

Leave a Reply