Saturday, November 23, 2024
LatestLocal News

ബീച്ച് ആശുപത്രിയില്‍ ഹൃദയശസ്ത്രക്രിയകള്‍ പുനഃസ്ഥാപിക്കണം; ബിജെപി


കോഴിക്കോട് : ബീച്ച് ആശുപത്രിയില്‍ ഹൃദയശസ്ത്രക്രിയകള്‍ പുനഃരാരംഭിക്കാന്‍ ആവശ്യമായ നടപടികള്‍ എത്രയും പെട്ടെന്ന് കൈക്കൊള്ളണമെന്ന് ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ ആവശ്യപ്പെട്ടു.

പാവപ്പെട്ടവരുടെ ആശ്രയകേന്ദ്രമായ ബീച്ച് ആശുപത്രിയില്‍ കാര്‍ഡിയോളജി വിഭാഗം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് ബിജെപി നടക്കാവ് മണ്ഡലം അദ്ധ്യക്ഷന്‍ കെ.ഷൈബുവിന്‍റെ നേതൃത്വത്തില്‍ ആശുപത്രി പടിക്കല്‍ നടത്തിയ ഉപവാസസമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വി.കെ.സജീവന്‍. മൂന്നു വര്‍ഷം മുമ്പ് അത്യാധുനിക സംവിധാനങ്ങളോടെ ഹൈടെക്ക് ആയി ഉയര്‍ത്തിയ ആശുപത്രിയാണിത്.

കാര്‍ഡിയോളജി,പള്‍മണോളജി,ന്യൂറോളജി,സൈക്യാട്രി തുടങ്ങിയ വിഭാഗങ്ങള്‍ക്കായി സൗകര്യമൊരുക്കുക മാത്രമല്ല ഇരുപത്തിനാലു മണിക്കൂറും അത്യാവശ്യ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കാനും തുടങ്ങിയതാണ്. പക്ഷെ ഇപ്പോള്‍ പരാതി ഒഴിഞ്ഞ നേരമില്ല. ഫാര്‍മസി പോലും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നില്ല. ഹൃദയശസ്ത്രക്രിയകള്‍ നിര്‍ത്തി. ആന്‍ജിയോ പ്ലാസ്റ്റിയും,പേസ്മേക്കര്‍ സൗകര്യവും ലഭ്യമല്ല. ഡോക്ടറെ കാണുന്നതുപോലും പരിമിതമാക്കി. കാര്‍ഡിയോളജി വിഭാഗം ഉളള ആശുപത്രിലേക്ക് രോഗികള്‍ എത്തുമ്പോള്‍ കാലതാമസം കൂടാതെ അടിയന്തിര ശുശ്രൂഷ നല്‍കേണ്ടിടത്ത് ഇങ്ങനെയൊരവസ്ഥ ചിന്തിക്കാന്‍ പറ്റാത്തതാണ്.

ഇതിന് അടിയന്തിര പരിഹാരം കാണണം വി.കെ.സജീവന്‍ കൂട്ടിച്ചേര്‍ത്തു. ആരോഗ്യമേഖല കുത്തഴിഞ്ഞ നിലയിലായതാണ് എല്ലാറ്റിനും കാരണമെന്നും അദ്ദേഹം പറഞ്ഞു.
ജഗന്നാഥന്‍ ബിലാത്തിക്കുളം അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന കമ്മറ്റിയംഗം ടി.പി.സുരേഷ് മുഖ്യപ്രഭാഷണം നടത്തി. മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി നവ്യ ഹരിദാസ്,ബിജെപി ജില്ലാ ഉപാദ്ധ്യക്ഷന്‍ ഹരിദാസ് പൊക്കിണാരി,ജില്ലാസെക്രട്ടറി അനുരാധാ തായാട്ട്,ബി.കെ.പ്രമന്‍,തിരുവണ്ണൂര്‍ ബാലകൃഷ്ണന്‍ ,പ്രവീണ്‍ തളിയില്‍,എന്‍.പി.പ്രകാശ്,എന്‍.ശിവപ്രസാദ്,സിഎസ് സത്യഭാമ,ടി.എം.അനില്‍കുമാര്‍ പ്രസംഗിച്ചു.


Reporter
the authorReporter

Leave a Reply