2024 ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി തെരഞ്ഞെടുപ്പിന് പൂര്‍ണ സജ്ജമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തെ ഭരണനേട്ടങ്ങള്‍, വികസന പദ്ധതികള്‍, സേവനങ്ങള്‍ എന്നിവ ഉയര്‍ത്തിക്കാട്ടിയാണ് പാര്‍ട്ടി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുന്നത്.
‘പത്ത് വര്‍ഷം മുമ്പ്, ഞങ്ങള്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ്, ഇന്ത്യയിലെ ജനങ്ങള്‍ നിരാശ അനുഭവിച്ചിരുന്നു. അന്നത്തെ സര്‍ക്കാര്‍ അവരെ വഞ്ചിച്ചു. എല്ലാ മേഖലയിലും അഴിമതിയും സ്വജനപക്ഷപാതവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലോകം ഇന്ത്യയെ കൈവിട്ടു. ഈ അവസ്ഥയില്‍ നിന്നുള്ള ഇന്ത്യയുടെ മഹത്തായ തിരിച്ചുവരവാണ് പിന്നീട് ജനം കണ്ടത്’ നരേന്ദ്രമോദി എക്‌സില്‍ കുറിച്ചു.
543 ലോക്‌സഭാമണ്ഡലങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന്റെ തിയ്യതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. രാജ്യത്താകെ 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രില്‍ 19 ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തില്‍ ഏപ്രില്‍ 26 ന് കേരളത്തില്‍ വോട്ടെടുപ്പ് നടക്കും. ഒറ്റഘട്ടമായാണ് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുക. ഏഴ് ഘട്ടവും പൂര്‍ത്തിയാക്കിയതിന് ശേഷം ജൂണ്‍ 4 ന് വോട്ടെണ്ണല്‍ നടക്കും. തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.