Latest

കോഴിക്കോട് കളക്ടർ കല്ലായി തീരത്ത് വണ്ടി നിർത്തി; വഴിമറന്ന തമിഴ്നാട് സ്വദേശി ബന്ധുക്കൾക്കരികിലെത്തി.


കോഴിക്കോട്: ബന്ധുക്കളെ കാണാതെ സങ്കടത്തിലായ തമിഴ്നാട് സ്വദേശിയായ വയോധികന് സഹായഹസ്തം നീട്ടി ജില്ലാ കലക്ടർ. വീട്ടിലേക്ക് തിരികെ പോകാനുള്ള വഴി അറിയാതെ കല്ലായി പാലത്തിനരികെ നിന്ന ഇസ്മയിലിനെയാണ് ജില്ലാ കലക്ടർ എ. ഗീത ഇടപെട്ട് ബന്ധുക്കളുടെ അരികിലെത്തിച്ചത്.  ഊട്ടിയിൽ നിന്നും കുടുംബസമേതം കോഴിക്കോട് എത്തിയതായിരുന്നു ഇസ്മയിൽ. ചായ കുടിക്കാനായി പുറത്തേക്കിറങ്ങിയപ്പോൾ വഴിതെറ്റി കല്ലായിപ്പുഴയുടെ അരികിലെത്തുകയായിരുന്നു.

ഇദ്ദേഹത്തെ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പാരാതിയും നൽകി. വാക്കി ടോക്കി വഴി ഈ സന്ദേശം കലക്ടർക്കും ലഭിച്ചിരുന്നു. ഈ സമയം പന്നിയങ്കരയിൽ സൈറ്റ് വിസിറ്റിന് പോകുന്നതിനിടയിൽ കല്ലായി പാലത്തിന് സമീപത്ത് ഒരു വയോധികൻ നിൽക്കുന്നത് കലക്ടറുടെ ശ്രദ്ധയിൽപെട്ടു. പൊലീസ് അറിയിച്ച സന്ദേശത്തിലെ രൂപസാദൃശ്യമുള്ള വ്യക്തിയെയാണ് പാലത്തിൽ കണ്ടതെന്ന് മനസിലായതോടെ കലക്ടർ വാഹനം നിർത്തി വയോധികന് അരികിലെത്തി കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി.

മലയാളം വശമില്ലാത്ത വയോധികനോട് തമിഴിലാണ് കലക്ടർ കാര്യങ്ങൾ ചോദിച്ച് മനസിലാക്കിയത്. പ്രദേശം പരിചിതമല്ലെന്നും വഴിയറിയാതെ നിൽക്കുകയാണെന്നും ഇസ്മയിൽ കലക്ടറെ അറിയിച്ചു. ആശങ്ക വേണ്ടെന്നും ബന്ധുക്കൾക്ക് അരികിലെത്തിക്കുമെന്നും കലക്ടർ പറഞ്ഞു. പൊലീസിൽ ബന്ധപ്പെട്ട് ഇസ്മയിലിനെ ബന്ധുക്കളുടെ അടുത്ത് എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച ശേഷമാണ് കലക്ടർ മടങ്ങിയത്.

 


Reporter
the authorReporter

Leave a Reply