കോഴിക്കോട്: സിപിഎം ഇ എം എസിനെ തള്ളിപ്പറയുകയാണോയെന്ന് വ്യക്തമാക്കണമെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് ആവശ്യപ്പെട്ടു.പൊതു സിവിൽ കോഡിനെക്കുറിച്ച് ഇഎംഎസിൻ്റെ അഭിപ്രായം ചിന്ത പ്രസിദ്ധീകരിച്ച തെരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ എന്ന ഗ്രന്ഥപരമ്പരയിലെ ഒന്നാം വാള്യത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

“ഭരണഘടനയിലെ ഏകീകൃത സിവിൽ നിയമ വകുപ്പും ഇന്ത്യൻ ക്രിമിനൽ നിയമത്തിലെ വിവാഹമോചിതയ്ക്ക് ചെലവിന് കൊടുക്കുന്നത് സംബന്ധിച്ച വകുപ്പും റദ്ദാക്കരുതെന്ന് ആവശ്യപ്പെടുക മാത്രമല്ല കമ്യൂണി സ്റ്റ് (മാർക്സിസ്റ്റ്) പാർട്ടി ചെയ്യുന്നത്. ഏകീകൃത സിവിൽ നിയമത്തിലേക്കുള്ള നീക്കം ത്വരിതപ്പെടുത്താൻ ജനാധിപത്യ മഹിളാ അസോസി യേഷൻ അടക്കം ബഹുജനസംഘടനകൾ നടത്തുന്ന സമരം പ്രോത്സാ ഹനാർഹമാണെന്നുകൂടി പാർട്ടി അഭിപ്രായപ്പെടുന്നു. (06:09, 1985)” എന്നാണ് ഇഎംഎസ് അർത്ഥശങ്കക്കിടയില്ലാത്ത വിധം ഇഎംഎസ് വ്യക്തമാക്കിയത്. എന്നാൽ പിണറായി വിജയനും എംവി ഗോവിന്ദനും മുസ്ലീം തീവ്രവാദസംഘത്തെ പ്രീണിപ്പിക്കാൻ ഇ എംഎസ്സിനെ തള്ളിപ്പറഞ്ഞിരിക്കുകയാണ്.

1985 ൽകോഴിക്കോട് നടന്ന ഡിവൈഎഫ്ഐ ദേശീയ സമ്മേളനത്തിൻ്റെ ഉദ്ഘാടന സഭയിൽ പ്രൊഫ. ഇർഫാൻ ഹബീബും സമാപന സമ്മേളനത്തിൽ ഇഎംഎസ് നമ്പൂതിരിപ്പാടും ശരീയത്ത് നിയമം പരിഷ്കരിക്കണമെന്നും പൊതു സിവിൽ കോഡ് നടപ്പാക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. എന്നാൽ ഇന്ന് സിപിഎമ്മിൻ്റെയും വർഗ ബഹുജനസംഘടനകളുടെയും നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നത് പാർടിയെ നിയന്ത്രിക്കുന്ന മുസ്ലീം തീവ്രവാദ ഫ്രാക്ഷനുകളാണ്. കോൺഗ്രസിനെ മൊഴിചൊല്ലിയാൽ മുസ്ലീം ലീഗിനെ രണ്ടാം കെട്ടിന് തയാറാണെന്നാണ് സിപിഎമ്മിൻ്റെ നിലപാട്. സിപിഎം താലിബാൻസംഘത്തിന് കീഴടങ്ങിയിരിക്കുന്നു. മുസ്ലിം സമൂഹത്തിൽ നവോത്ഥാനത്തിന് നേതൃത്വം നൽകിയ ചേകനൂർ മൗലവിയോടൊപ്പമാണോ അതോ അദ്ദേഹത്തെ ഉന്മൂലനം ചെയ്ത ഭീകര സംഘത്തോടൊപ്പമാണോ സിപിഎം എന്ന് വ്യക്തമാക്കണം. പൊതു സിവിൽ കോഡ് ഒരു മതപരമായ പ്രശ്നമല്ല.

സുപ്രീം കോടതി പലതവണ ആവശ്യപ്പെട്ടതും ഭരണഘടന മുന്നോട്ടുവെച്ച നിർദ്ദേശക തത്വത്തെയും എതിർക്കുന്ന സിപിഎം കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാനാണ് ശ്രമിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിലൂടെ തറക്കല്ലിട്ടതുടങ്ങിയ നീക്കമാണ് പൊതു സിവിൽ നിയമത്തിനെതിരായ നിലപാടിലൂടെ മുസ്ലീം വർഗീയ ശക്തികളിലേക്ക്പാലം പണിയാൻ സിപിഎം ഇപ്പോൾ തുടരുന്നത്.. മത വർഗീയത ആളിക്കത്തിക്കുക വഴി രാജ്യത്തെ അപകടകരമായ നിലയിലേക്ക് നയിക്കാനാണ് സിപിഎം ശ്രമിക്കുന്നത്.കൈതോലപ്പായ അഴിമതിയെക്കുറിച്ച് കേസ് രജിസ്റ്റർ ചെയ്യാൻ സർക്കാർ തയാറാകണം. ഇല്ലെങ്കിൽ അന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കാൻ തയ്യാറാകണം അദ്ദേഹം ആവശ്യപ്പെട്ടു.
വാർത്താ സമ്മേളനത്തിൽ ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ.സജീവൻ, വൈസ് പ്രസിഡണ്ടുമാരായ പി.ഹരിദാസൻ, അഡ്വ.കെ.വി.സുധീർ എന്നിവർ പങ്കെടുത്തു.