തൃശൂർ : കേരളത്തിലെ എല്ലാ ജില്ലകളിലും പ്രീ പ്രൈമറി- മോണ്ടിസോറി ഇംഗ്ളീഷ്‌മീഡിയം ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന കേരള എഡ്യൂക്കേഷൻ കൗൺസിൽ സാഹിത്യ പുരസ്കാരം 2023 സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു സമ്മാനിച്ചു.
തൃശൂർ പ്രസ് ക്ളബ്ബിൽ നടന്ന ചടങ്ങിൽ അശോകൻ ചരുവിലിന്റെ നോവൽ കാട്ടൂർ കടവ് , ലതാലക്ഷ്മിയുടെ ചെറുകഥാ സമാഹാരം ചെമ്പരത്തി, നൂതനാശയ പ്രവർത്തനങ്ങൾക്ക് ദർശനം സാംസ്കാരിക വേദിയുടെ ഓൺലൈൻ വായനാമുറി എന്നിവ പുരസ്കാരത്തിന് അർഹരായി. 15001 രൂപയും പ്രശംസാപത്രവും ഗുരുകുലം ബാബു രൂപകല്പന ചെയ്ത ശില്പവും വിതരണം ചെയ്തു.
നിരൂപകൻ ഡോ കെ വി സജയ് (മടപ്പള്ളി ഗവ.കോളേജ് ) ചെയർമാനും, കോഴിക്കോട് സാംസ്കാരിക വേദി ചെയർമാൻ ഡോ എ കെ അബ്ദുൾ ഹക്കീം, നിരൂപക ഡോ.കെ മഞ്ജു എന്നിവരാണ് പുരസ്കാര ജേതാക്കളെ കണ്ടെത്തിയത്. കേരള എഡ്യൂക്കേഷൻ കൗൺസിൽ ഡയറക്ടർ സതീശൻ കൊല്ലറയ്ക്കൽ അധ്യക്ഷതവഹിച്ചു.
സിനിമാ നിരൂപകൻ ഐ ഷൺമുഖദാസ് മുഖ്യപ്രഭാഷണം നടത്തി. കഥാകൃത്ത് മനോജ് വീട്ടിക്കാട് പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി. പത്തനംതിട്ട പുസ്തകശാല പ്രസാധകൻ എ ഗോകുലേന്ദ്രൻ, കേരള എഡ്യൂക്കേഷൻ കൗൺസിൽ ചെയർമാൻ പ്രതാപ് മൊണാലിസ, അക്കാഡമിക് കൗൺസിൽ ചെയർമാൻ കെ ആർ രതീഷ്കുമാർ എന്നിവർ ആശംസ നേർന്നു.
പ്രമുഖ സാഹിത്യനിരൂപകൻ പ്രൊഫ എം കെ സാനു മാസ്റ്ററുടെ ആശംസ വീഡിയോ പ്രദർശിപ്പിച്ചു. അശോകൻ ചരുവിൽ, ലതാലക്ഷ്മി , ദർശനം ഓൺലൈൻ വായനാമുറി അഡ്മിൻമാരായ ടി കെ സുനിൽകുമാർ , ഡഗ്ളസ് ഡിസിൽവ എന്നിവർ പ്രതിസ്പന്ദം നടത്തി.