Thursday, December 26, 2024
Latest

ഇക്കോ ക്ലബ് വിദ്യാര്‍ത്ഥികള്‍ കടപ്പുറം ശുചീകരിച്ചു


കോഴിക്കോട്: ദേശീയ ഹരിത സേന ഇക്കോ ക്ലബിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ കോഴിക്കോട് സൗത്ത് ബീച്ച് ശുചീകരിച്ചു. കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെയും കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെയാണ് ബീച്ച് ക്ലീനിംഗ് നടത്തിയത്. വിവിധ വിദ്യാലയങ്ങളില്‍ നിന്നെത്തിയ 80 വിദ്യാര്‍ത്ഥികളും അധ്യാപകരും‍ പങ്കെടുത്തു.

ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഡെപ്യൂട്ടി കളക്ടര്‍ ഇ. അനിത കുമാരി ഉദ്ഘാടനം ചെയ്തു. നാം കടലിലേക്ക് പുറന്തള്ളുന്ന മാലിന്യങ്ങള്‍ നമ്മെതന്നെ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ എല്ലാ കടല്‍ത്തീരത്തും കാണുന്നതെന്നും ഇതിനെതിരെ വിദ്യാര്‍ത്ഥിസമൂഹം മുന്നോട്ടു വരുന്നത് ശുഭസൂചനയാണ് എന്നും അനിത കുമാരി പറഞ്ഞു.‍ ദര്‍ശനം സെക്രട്ടറി എം.എ. ജോണ്‍സണ്‍ അദ്ധ്യക്ഷനായിരുന്നു. ദര്‍ശനം ഐടി കോര്‍ഡിനേറ്റര്‍ ഡഗ്ലസ് ഡിസില്‍വ ആശംസ അറിയിച്ചു.

കോർപ്പറേഷൻ ശുചീകരണ തൊഴിലാളികൾ കടപ്പുറം തുടർച്ചയായി ശുചീകരിക്കാറുണ്ടെങ്കിലും കടലിൽ നിന്ന് തിരക്കൊപ്പം പ്രതിദിനം കയറിവരുന്നത് നാംതന്നെ കടലിലേക്ക് തള്ളുന്ന ചെരിപ്പുകൾ, തെർമോക്കോൾ, പ്ലാസ്റ്റിക് കുപ്പികൾ, ചെറിയ കവറുകൾ തുടങ്ങിയവയാണ്. നഗരത്തിലെ അഞ്ച് വിദ്യാലയങ്ങളിൽ നിന്ന് 80 വിദ്യാർത്ഥികൾ ഒരു മണിക്കൂര്‍ കൊണ്ട് വാരിക്കൂട്ടിയത് 40 ചാക്ക് മാലിന്യമാണ്. ഒരു കിലോമീറ്റര്‍ ദൈർഘ്യത്തിൽ ഉള്ള ബീച്ച് ഭാഗത്ത് നിന്ന് മാത്രമാണ് ഇത്രയും ശേഖരിച്ചത് എന്നതിൽ നിന്ന് എന്തു മാത്രം മാലിന്യമാണ് കടലിനുള്ളിൽ കിടക്കുന്നത് എന്നത് തെളിയുകയാണ്.

ചണച്ചാക്കുകളിൽ നാലായി തരം തിരിച്ച് ശാസ്ത്രീയമായി ശേഖരിച്ച അജൈവ മാലിന്യങ്ങൾ കോര്‍പറേഷന്‍ വാർഡ് കൗൺസിലർ എം. ബിജുലാൽ ഏറ്റെടുത്തു. കോർപ്പറേഷൻ ആരോഗ്യ വിഭാഗം പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ബിജു ജയറാം, ബോബിഷ് കെ, ഷാജു കെ.ടി. എന്നിവര്‍ ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നല്കി.

കെ.ജി. രഞ്ജിത് രാജ് (രാമകൃഷ്ണമിഷന്‍ എച്ചഎസ്എസ്), രേഖ വാസുദേവന്‍ (സെന്റ് ജോസഫ് ബോയ്സ് എച്ച്എസ്എസ്), ജിസ്സി ജോസഫ് (ശ്രീ ഗുജറാത്തി വിദ്യാലയ), ലീന സക്കാറിയാസ്, സുനിത ശ്രീനിവാസ് എ. (പ്രൊവി‍ഡന്‍സ് ഗേള്‍സ് എച്ച്എസ്എസ്), ഹസീന വി.പി., ധന്യ കെ. (സിഐആര്‍എച്എസ്എസ്, മാത്തറ) എന്നീ അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി.

ദേശീയ ഹരിത സേന ജില്ലാ കോര്‍ഡിനേറ്റര്‍ പി. സിദ്ധാര്‍ത്ഥന്‍ സ്വാഗതവും സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം വടകര ജോയിന്റ് കോര്‍ഡിനേറ്റര്‍ സതീശന്‍ കൊല്ലറക്കല്‍ നന്ദിയും പറഞ്ഞു.


Reporter
the authorReporter

Leave a Reply