കോഴിക്കോട് : ആർത്തവ സംബന്ധമായ ശാരീരിക ബുദ്ധിമുട്ടുകൾ കാരണം പരീക്ഷക്ക് ഏതാനും നിമിഷങ്ങൾ വൈകിയെത്തിയ നിയമ വിദ്യാർത്ഥിനിയെ എട്ടാം സെമസ്റ്റർ പരീക്ഷ എഴുതിച്ചില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
മലപ്പുറം മേൽമുറി എം.സി.ടി ലോ കോളേജ് പ്രിൻസിപ്പലും കോഴിക്കോട് സർവകലാശാലാ രജിസ്ട്രാറും 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു. മാർച്ച് 30 ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
പരീക്ഷ ആരംഭിച്ച് ആദ്യ അര മണിക്കൂർ വരെ പ്രവേശനം അനുവദിക്കാം എന്നാണ് സർവകലാശാലാ ചട്ടം.ശാരീരിക ബുദ്ധിമുട്ടുകളെ കുറിച്ച് പ്രിൻസിപ്പലിനെയും
ഇൻവിജിലേറ്ററെയും അറിയിച്ചിട്ടും ഫലമുണ്ടായില്ലെന്ന് കോഴിക്കോട് സ്വദേശിനിയായ വിദ്യാർത്ഥിനി കമ്മീഷനെ അറിയിച്ചു.