മുപ്പതാമത് ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ മികച്ച 16 പ്രൊജക്ടുകളില്‍ ഒന്നായി തിരഞ്ഞെടുക്കപ്പെട്ട് വിജയത്തിളക്കിലാണ് അവിടനല്ലൂൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ എന്‍. നീരജും യു.എസ്. ആദിത്യനും. ജനുവരി 27 മുതല്‍ 31 വരെ ഗുജറാത്തിലെ അഹമ്മദാബാദില്‍ നടന്ന ദേശീയ മത്സരത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ 800ഓളം ടീമുകളുമായി മാറ്റുരച്ചാണ് ഇവര്‍ വിജയപീഠം കയറിയത്.
അവിടനല്ലൂരിലെ നെല്‍വയലുകളിലെ കീടനിയന്ത്രണത്തില്‍ നാടന്‍ മത്സ്യങ്ങളുടെ പങ്ക് എന്ന വിഷയത്തിലായിരുന്നു ഇവരുടെ പ്രൊജക്ട്. നീരജാണ് ദേശീയതലത്തില്‍ പ്രൊജക്ട് അവതരിപ്പിച്ചത്.
കോഴിക്കോട് നിന്ന് നാല് മത്സരാര്‍ത്ഥികള്‍ ഉള്‍പ്പെടെ 16 പേര്‍ കേരളത്തില്‍ നിന്ന് ദേശീയമത്സരത്തില്‍ പങ്കെടുത്തു. കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍ ശാസ്ത്രജ്ഞനും സംസ്ഥാന കോര്‍ഡിനേറ്ററുമായ ഡോ. പി ഹരിനാരായണ്‍ കേരള സംഘത്തെ നയിച്ചു.
അവിടനല്ലൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകരായ സിജു രാജിന്റെയും കെ. ഷീനയുടെയും മകനാണ് നീരജ്. വടകര സ്പെഷല്‍ ബ്രാഞ്ച് എസ്.ഐ. മേച്ചേരി ഉല്ലാസിന്റെയും കുറുമ്പൊയില്‍ ദേശസേവ യു.പി. സ്കൂള്‍ അധ്യാപിക ഷിജിയുടെയും മകനാണ് ആദിത്യന്‍.