കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് പുതിയ വിവാദം ഉണ്ടാക്കുന്നത് പഴയിടം വിവാദത്തില്‍ നിന്ന് തലയൂരാനെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍. കലാകാരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് കേരളത്തില്‍ താലിബാന്‍ മോഡല്‍ ഭരണത്തെ അടിച്ചേല്‍പ്പിക്കുന്നതിന് തുല്യമാണ്. സ്‌ക്രീനിംഗ് കമ്മറ്റിയുടെ മുമ്പില്‍ അവതരിപ്പിച്ച് അംഗീകാരം നേടിയ ദൃശ്യാവിഷ്‌കാരം പിന്നീട് വേദിയിലവതരിപ്പിച്ച് എല്ലാവരുടേയും അഭിനന്ദനം ഏറ്റുവാങ്ങി ഒരാഴ്ച പിന്നിടുമ്പോള്‍ അതില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു. ഇതേ കാലോത്സവത്തില്‍ സംഘനൃത്തത്തില്‍ കണ്ണൂര്‍ ജില്ലയെപ്പറ്റി ആവിഷ്കരിക്കാന്‍ സിപിഎമ്മിന്റെ കൊടികള്‍ ഉപയോഗിച്ചതും, യക്ഷഗാനത്തിന്‍റെ അനിവാര്യമായ ഗുരുവന്ദനം മുടക്കിയതും ഗൗരവമായ വിഷയങ്ങളാണ്.എന്നിട്ടും കലോത്സവത്തിലെ കൂട്ടായ്മയും,സഹകരണവും നഷ്ടപ്പെടുന്ന തരത്തില്‍ ആരും പ്രതിഷേധം ഉയര്‍ത്തിയിട്ടില്ല.എല്ലാറ്റിലും ചാടിക്കേറി അഭിപ്രായം പറഞ്ഞ് കലോത്സവത്തിന്റെ ശോഭ കെടുത്തുന്നത് ഭരണപക്ഷക്കാര്‍ തന്നെയാണെന്നും അദ്ദേഹം ആരോപിച്ചു. അനാവശ്യ വിവാദങ്ങളാണ് കലോത്സവത്തിന്റെ സ്വാഗത ഗാനവുമായി ബന്ധപെട്ടു ഉയരുന്നത്.തീവ്രവാദിയെ പട്ടാളക്കാര്‍ കീഴടക്കുന്നത് ആരെയാണ് ചൊടിപ്പിച്ചത്.തോക്കും,തുണിയുടെ തലക്കെട്ടും ഗൂഗിളിലൊക്കെ തിരയുമ്പോള്‍ കിട്ടുന്ന തീവ്രവാദി കോസ്റ്റ്യും ആണ്.ആ വേഷം മതത്തിന്‍റേതാണെന്ന് പറഞ്ഞ് വിവാദമാക്കുന്നവരെ ചികിത്സിക്കുകയാണ് വേണ്ടതെന്നും വികെ സജീവന്‍ കൂട്ടിച്ചേര്‍ത്തു.

ജില്ലാ ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ, സംസ്ഥാന സമിതി അംഗം രാമദാസ് മണലേരി, ഒ.ബി.സി. മോർച്ച ജില്ലാ പ്രസിഡൻ്റ് ശശിധരൻ നാരങ്ങയിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.