Tuesday, October 15, 2024
GeneralLatest

കണ്ണൂരിലെ എഴുപതുകാരന്‍റേത് പട്ടിണി മരണമെന്ന് പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്; ദുരൂഹത


കണ്ണൂർ: കണ്ണൂർ തെക്കി ബസാറിൽ എഴുപതുകാരൻ മരിച്ചത് ദിവസങ്ങളായി ഭക്ഷണം കിട്ടാഞ്ഞതിനാലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഭാര്യയ്ക്കും മകൾക്കുമൊപ്പം താമസിക്കുന്ന അബ്ദുൾ റാസിഖിന്റെ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം വീ‍ട്ടിലെ മുറിയിൽ നിന്നും പൊലീസ് കണ്ടെടുക്കുകയായിരുന്നു. ഭാര്യയെയും മകളെയും വീണ്ടും ചോദ്യം ചെയ്ത ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് കണ്ണൂർ പൊലീസ് അറിയിച്ചു.

ചൊവ്വാഴ്ചയാണ് ആൾ താമസമുള്ള വീട്ടിൽ നിന്നും എഴുപതുകാരന്റെ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം പൊലീസ് കണ്ടെത്തുന്നത്. പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ രണ്ട് ദിവസമായി റാസിഖിന് ഭക്ഷണം കിട്ടിയില്ലെന്ന് വ്യക്തമായി. വയർ ഒഴിഞ്ഞ് കിടക്കുകയാണെന്നും പിത്തഗ്രന്ധി മുഴുവനായി വികസിച്ചെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

ദിവസങ്ങളായി അബ്ദുൾ റാസിഖിന് ഭക്ഷണമോ വെള്ളമോ കൊടുത്തിട്ടില്ലെന്നാണ് വീട്ടിലുണ്ടായിരുന്ന ഭാര്യയും മകളും പൊലീസിന് നൽകിയ മൊഴി. മുറിയിൽ മലമൂത്ര വിസർജനം നടത്തുന്നത് കൊണ്ട് മരിച്ചത് അറിഞ്ഞില്ലെന്നും അസുഖബാധിതനായിരുന്നു എന്നുമാണ് വീട്ടുകാർ പറഞ്ഞത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കിടപ്പിലാകാൻ തക്ക അസുഖങ്ങളൊന്നും ഇയാൾക്കില്ലെന്ന് വ്യക്തമായി. ഭാര്യയെയും മകളെയും ചോദ്യം വീണ്ടും ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. നിലവിൽ അസ്വാഭാവിക മരണത്തിലാണ് കേസെങ്കിലും മനപൂർവ്വമല്ലാത്ത നരഹത്യ വകുപ്പ് ഉൾപെടുത്തണോ എന്ന് പരിശോധിച്ച് വരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു.


Reporter
the authorReporter

Leave a Reply