ഭിന്നശേഷി ദിനാഘോഷം : മത്സര ഇനങ്ങള്‍ അയക്കാം
അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായി ഉണര്‍വ് 2021 എന്ന പേരില്‍ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി കലോത്സവം സംഘടിപ്പിക്കുന്നു. കോവിഡ് പശ്ചാത്തലത്തിൽ ഓണ്‍ലൈന്‍ ആയാണ് കലോത്സവം സംഘടിപ്പിക്കുന്നത്. നിബന്ധനകള്‍ : കഥാരചന – എല്ലാ വിഭാഗം ഭിന്നശേഷിക്കാര്‍ക്കും പങ്കെടുക്കാം. എന്നാല്‍ മത്സരത്തില്‍ അയക്കുന്ന കഥ മറ്റ് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചവയാകരുത്. പാട്ട് (സിങ്കിള്‍, ഗ്രൂപ്പ്) ഇഷ്ടമുളള പാട്ട് പാടുന്ന മൂന്ന് മിനിറ്റ് മുതല്‍ പരമാവധി അഞ്ച് മിനിറ്റ് വരെ ദൈര്‍ഘ്യമുളള വീഡിയോ റെക്കോര്‍ഡ് ചെയ്ത് അയക്കണം. ഉപന്യാസ രചന – ‘കോവിഡും ഭിന്നശേഷിക്കാരുടെ ആരോഗ്യ പരിപാലനവും’ എന്ന വിഷയത്തില്‍ പൂര്‍ത്തിയാക്കിയ ശേഷം jpeg/pdf ഫോര്‍മാറ്റില്‍ സ്‌കാന്‍ ചെയ്ത് അയക്കുക. ഗ്രൂപ്പ് ഡാന്‍സ് – ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെയോ സംഘടനകളുടെയോ പേരില്‍ ഗ്രൂപ്പ് ഡാന്‍സ് മത്സരത്തില്‍ പങ്കെടുക്കാം. സിംഗിള്‍ ഡാന്‍സ് – ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് മാത്രമായാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. പരമാവധി അനുവദിച്ചിരിക്കുന്ന ദൈര്‍ഘ്യം 8 മിനിറ്റ് ആണ്. ഷോര്‍ട്ട് ഫിലിം – വിഷയം : ‘തനിച്ചല്ല നിങ്ങള്‍, ഒപ്പമുണ്ട് ഞങ്ങള്‍ ‘ . സ്‌പെഷ്യല്‍ സ്‌കൂള്‍, ബഡ്‌സ് സ്‌കൂള്‍, എസ് എസ് കെ, വിടിസി ക്ഷേമ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ഭിന്നശേഷിക്കാരെ ഉള്‍പ്പടുത്തി 2 മിനിറ്റില്‍ കുറയാത്തതും 5 മിനിറ്റില്‍ കൂടാത്തതുമായ ഷോര്‍ട്ട് ഫിലിമുകള്‍ സമര്‍പ്പിക്കാം. അഭിനേതാക്കളില്‍ 80% പേര്‍ ഭിന്നശേഷിക്കാര്‍ ആയിരിക്കണം. ചിത്ര രചനാ മത്സരം – വിഷയം – ‘തനിച്ചല്ല നിങ്ങള്‍, ഒപ്പമുണ്ട് ഞങ്ങള്‍’ . ചിത്രങ്ങള്‍ jpeg/pdf ആയി അയക്കുക.
മത്സരത്തില്‍ ഫോട്ടോ/വീഡിയോകള്‍ pwddaykkd@gmail.com ഇ – മെയിലിലേക്ക് നവംബര്‍ 25 നകം മത്സരാര്‍ത്ഥികളുടെ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് കൂടി ഉളളടക്കം ചെയ്ത് അയക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് : www.swd.kerala.gov.in സന്ദര്‍ശിക്കുക. ഫോണ്‍ : 0495 2371911.
യൂത്ത് ക്ലബ്ബ് അവാര്‍ഡിന് അപേക്ഷ
ക്ഷണിച്ചു
യുവജന ക്ഷേമ കായിക മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യൂത്ത് ക്ലബ്ബുകള്‍ക്കുള്ള അവാര്‍ഡിന് നെഹ്‌റു യുവകേന്ദ്ര അപേക്ഷ ക്ഷണിച്ചു. ആരോഗ്യം, കുടുംബക്ഷേമം, ശുചീകരണ പ്രവര്‍ത്തനം, തൊഴില്‍ പരിശീലനം, നൈപുണ്യ പരിശീലനം, സ്ത്രീ ശാക്തീകരണം, പരിസ്ഥിതി സംരക്ഷണം,സാക്ഷരത -വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സാമൂഹിക ക്ഷേമ പ്രവര്‍ത്തനം ദേശീയ-അന്തര്‍ദേശീയ ബോധവല്‍ക്കരണം തുടങ്ങിയ മേഖലകളില്‍ 2020 ഏപ്രില്‍ ഒന്ന് മുതല്‍ 2021 മാര്‍ച്ച് 31 വരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ജില്ലാ കളക്ടര്‍ ചെയര്‍മാനായുള്ള സമിതിയാണ് അവാര്‍ഡിനര്‍ഹമായ സംഘടനയെ തെരഞ്ഞെടുക്കുന്നത്. ജില്ലാതല അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെടുന്ന യൂത്ത് ക്ലബ്ബിന് 25,000 രൂപയും പ്രശസ്തി പ്രതവും നല്‍കും. 75,000 രൂപയുടെ സംസ്ഥാനതല അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യുകയും ചെയ്യും. സംസ്ഥാന അവാര്‍ഡ് നേടുന്ന പക്ഷം ദേശീയ അവാര്‍ഡിന് പരിഗണിക്കും. ദേശീയ തലത്തില്‍ 3 ലക്ഷം, ഒരു ലക്ഷം 50,000 രൂപ ക്രമത്തില്‍ മൂന്ന് അവാര്‍ഡുകള്‍ ആണ് ഉള്ളത്. കഴിഞ്ഞ 2 വര്‍ഷങ്ങളില്‍ അവാര്‍ഡ് ലഭിച്ചവര്‍ അപേക്ഷ നല്‍കേണ്ടതില്ല. ജില്ലാതല അവാര്‍ഡിന് കോഴിക്കോട് നെഹ്‌റു യുവകേന്ദ്രത്തില്‍ അഫിലിയേറ്റ് ചെയ്ത യൂത്ത് ക്ലബ്ബില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ കഴിഞ്ഞ സാമ്പത്തിക വര്‍ഷം നടത്തിയ പരിപാടികളുടെ റിപ്പോര്‍ട്ട്, ഫോട്ടോ, പത്ര കട്ടിങ്ങുകള്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്ത വരവ് ചെലവ് കണക്കുകള്‍ എന്നിവ സഹിതം ഡിസംബര്‍ ഒന്നിനകം ജില്ലാ യൂത്ത് ഓഫീസര്‍, നെഹ്‌റു യുവകേന്ദ്ര, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് 673020 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. അപേക്ഷാഫോറം ലഭിക്കുന്നതിന് kozhikodenyk@gmail.com എന്ന ഈമെയിലില്‍ അപേക്ഷിക്കാമെന്ന് ജില്ലാ യൂത്ത് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495-2371891,9447752234
ഡിഗ്രി സീറ്റൊഴിവ്
എളേരിത്തട്ട് ഇ.കെ. നായനാര്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ ബി.എസ്.സി ഫിസിക്‌സ്, ബി.എ ഇംഗ്ലീഷ്, ബി.എ ഹിന്ദി കോഴ്‌സുകളില്‍ എസ് സി/എസ് ടി, പൊതു വിഭാഗങ്ങളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം നവംബര്‍ 19 ന് വൈകീട്ട് മൂന്ന് മണിക്കകം കോളേജില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. ബിരുദ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാത്ത വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് തുറമുഖ പരിധിയിലുളള കസ്റ്റംസ് റോഡിലെ തുറമുഖ ഗോഡൗണിന്റെ കിഴക്കേ അറ്റത്തുളള മുറി ഒരു വര്‍ഷത്തേക്ക് പ്രതിമാസ ലൈസന്‍സ് ഫീസടിസ്ഥാനത്തില്‍ നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ നവംബര്‍ 22 ന് ഉച്ച 12 മണി വരെ കോഴിക്കോട് പോര്‍ട്ട് ഓഫീസറുടെ ബേപ്പൂരിലുളള ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍ : 0495 2414863, 2767709.
ടെണ്ടര്‍ ക്ഷണിച്ചു
എസ്.സി.കോര്‍പ്പസ് ഫണ്ട്- 2021-22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുള്ള പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 25 വൈകീട്ട് അഞ്ച് മണി. ഇ-ടെണ്ടര്‍ സംബന്ധിച്ച വിവരങ്ങള്‍ e-tenderskerala.gov.in സന്ദര്‍ശിച്ചാല്‍ ലഭ്യമാണ്.
ജില്ലാ പഞ്ചായത്തിന്റെ 2021-22 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജാഗ്രതാ സമിതി പദ്ധതി പ്രകാരം ജാഗ്രതാ സമിതി ബുക്ക് ലെറ്റ് തയ്യാറാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 18 രാവിലെ 11 മണി വരെ. ഫോണ്‍ – 0495-2370750, 9188969212.
ഗസ്റ്റ് അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഷയത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അതിഥി അദ്ധ്യാപക നിയമനത്തിനുള്ള അഭിമുഖം നവംബര്‍ 22 ന് നടത്തും. സമയം രാവിലെ പത്തുമണി. ഉദ്യോഗാര്‍ത്ഥികള്‍ക്ക് എ.ഐ.സി.ടി.ഇ, കേരള പി എസ് സി നിര്‍ദ്ദേശിച്ച വിദ്യാഭ്യാസ യോഗ്യതകള്‍ ഉണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് http://geckkd.ac.in എന്ന വെബ് സൈറ്റ്
സന്ദര്‍ശിക്കുക.