സംസ്ഥാനത്തെ റോഡ് അറ്റകുറ്റപ്പണികള്‍ക്ക് 119 കോടി അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. മഴ കഴിഞ്ഞാല്‍ ഉടന്‍ റോഡ് പണി ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. പണി കഴിഞ്ഞാലും കരാറുകാരന് ഒഴിഞ്ഞ് മാറാനാവില്ല. അറ്റകുറ്റപ്പണികള്‍ക്ക് ശേഷവും പരിപാലന കാലയളവില്‍ റോഡിലുണ്ടാകുന്ന എല്ലാ തകരാറുകളും അവര്‍ തന്നെ പരിഹരിക്കണം എന്നും മന്ത്രി വ്യക്തമാക്കി.
കാലാവധി കഴിഞ്ഞ റോഡുകള്‍ക്ക് റണ്ണിംഗ് കോണ്‍ട്രാക്ട് നല്‍കാനാണ് തീരുമാനം. ഭാവിയില്‍ നന്നായി റോഡ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ജല അതോറിറ്റി കുത്തിപ്പൊളിക്കുന്ന റോഡുകള്‍ പഴയപടി ആക്കുന്നില്ലെന്ന് മന്ത്രി കഴിഞ്ഞ ദിവസം വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച നിരവധി പരാതികള്‍ ലഭിക്കുന്നുണ്ട്. ഇതിനെ കുറിച്ച് അന്വേഷിക്കുമെന്നും, ഉടന്‍ പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
കുടിവെള്ള പദ്ധതികള്‍ക്കായി പൊളിക്കുന്ന റോഡുകള്‍ നന്നാക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. ഇത് കൃത്യമായി ചെയ്യുന്നതില്‍ വകുപ്പ് അലംഭാവം കാണിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. ഉടനെ യോഗം വിളിക്കുമെന്നും, ശക്തമായ നടപടി ഇക്കാര്യത്തില്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം പൊതുമരാമത്ത് മന്ത്രി ഉന്നയിച്ച വിമര്‍ശനം ഗൗരവതരമാണെന്നും ഇതിനെക്കുറിച്ച് അദ്ദേഹവുമായി ചര്‍ച്ച നടത്തുമെന്നും ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞിരുന്നു.