ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ശാസ്ത്രീയ അന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണസംഘം. അറ്റകുറ്റപ്പണികള്‍ നടത്തി തിരികെയെത്തിച്ച സ്വര്‍ണപ്പാളികള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയേക്കും. ഹൈക്കോടതി നിയോഗിച്ച ജസ്റ്റിസ് കെ ടി ശങ്കരന് സന്നിധാനത്ത് തുടരുകയാണ്.2019ലും 2025ലുമാണ് സ്വര്‍ണപ്പാളികള്‍ പുറത്തേക്ക് കൊണ്ടുപോയത്. ഇപ്പോള്‍ സ്ട്രോങ് റൂമിലുള്ളത് യഥാര്‍ഥ സ്വര്‍ണപ്പാളികള്‍ തന്നെയോ എന്ന് അറിയുന്നതിന് കൂടിയാണ് ശാസ്ത്രീയ പരിശോധന. തട്ടിപ്പുകാര്‍ സ്വര്‍ണപ്പാളികള്‍ മാറ്റിയതായി അന്വേഷണസംഘം തുടക്കം മുതല്‍ സംശയിക്കുന്ന പശ്ചാത്തലത്തിലാണ് പരിശോധന. ചെന്നൈയില്‍ വച്ചാണ് കൃത്രിമത്വം കാണിച്ചതെന്ന് തെളിയുന്ന പശ്ചാത്തലത്തില്‍ കേരളത്തിന് പുറത്തേക്കും അന്വേഷണം നീളും.2019ല്‍ ദ്വാരപാലക ശില്പങ്ങളും ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പടിയിലെ പാളികളും അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയ ഉണ്ണികൃഷ്ണന് പോറ്റി 474.9 ഗ്രാം സ്വര്‍ണം അപഹരിച്ചുവെന്നാണ് ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തല്‍. ഈ സ്വര്‍ണം എന്ത് ചെയ്തുവെന്ന് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും. ഉണ്ണികൃഷ്ണന് പോറ്റിയും ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് വിവരം. ഏതെല്ലാം ഉദ്യോഗസ്ഥരാണ് പോറ്റിക്ക് സഹായം ചെയ്തുകൊടുത്തത് എന്ന കാര്യവും അന്വേഷിക്കും. പത്തനംതിട്ടയില്‍ ക്യാമ്പ് ഓഫീസ് തുടങ്ങി അന്വേഷണം വ്യാപിപ്പിക്കാനാണ് എസ് ഐ ടി തീരുമാനം.