വിലങ്ങാട്: ജൂലൈ 29നു രാത്രിയിലുണ്ടായ ഉരുൾപൊട്ടലിൽ സംഭവിച്ച നഷ്ടക്കണക്കെടുപ്പ് റവന്യു അധികൃതർ നിയോഗിച്ച 4 സംഘങ്ങൾ ഏറക്കുറെ പൂർത്തീകരിച്ചു. അവധി ദിവസങ്ങളിലും മഴയത്തും വിശ്രമമില്ലാതെ നടത്തിയ കണക്കെടുപ്പിൽ പിഡബ്ല്യുഡി, പഞ്ചായത്ത് എൻജിനീയർമാർ, ഭൂശാസ്ത്രജ്ഞർ, ആരോഗ്യ വകുപ്പിലെയും പഞ്ചായത്തിലെയും ഉദ്യോഗസ്ഥർ, മറ്റു വിദഗ്ധർ, ജനപ്രതിനിധികൾ തുടങ്ങിയവരെല്ലാം പങ്കാളികളായി. ഇന്നോ നാളെയോ കലക്ടർക്ക് കണക്ക് പൂർണമായി കൈമാറാനാകും.
ഉരുൾപൊട്ടലുണ്ടായ പല പ്രദേശങ്ങളും വീടുകളോ കെട്ടിടങ്ങളോ നിർമിക്കാൻ യോഗ്യമല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പന്നിയേരി, കുറ്റല്ലൂർ, മലയങ്ങാട് എന്നിവിടങ്ങളിൽ 127 വീടുകൾ പരിശോധിച്ചു. ഭൂരിഭാഗവും ഉരുൾപൊട്ടൽ ഭീഷണി നേരിടുന്നതും മണ്ണു സംരക്ഷണത്തിനു വഴികളില്ലാത്ത ചതുപ്പ് പ്രദേശവുമാണ്. വായാട്, മഞ്ഞച്ചീളി, മഞ്ഞക്കുന്ന്, പാനോം മേഖലകളിലെയും സ്ഥിതിയും വിഭിന്നമല്ല.