കോഴിക്കോട് :വടകര താലൂക്ക് ഓഫീസിലുണ്ടായ തീപിടിത്തത്തിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് റവന്യൂമന്ത്രി കെ.രാജൻ. വടകര നഗരസഭ കാര്യാലയം കോൺഫറൻസ് ഹാളിൽ ചേർന്ന വിവിധ വകുപ്പ്തല ഉദ്യോഗസ്ഥൻമാരുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
തിങ്കളാഴ്ച മുതൽ ഹെൽപ് ഡെസ്ക് പ്രവർത്തിക്കും. പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ ഹെൽപ് ഡസ്കിൽ നിയോഗിക്കും. ഫയൽ അദാലത്ത് നടത്താൻ സംവിധാനം ഒരുക്കുന്നുണ്ട്. ആവശ്യമെങ്കിൽ അദാലത്തിൽ നേരിട്ട് പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു.
തീപിടിച്ച കെട്ടിടത്തിന് സമീപമുള്ള കെട്ടിടത്തിൽ പകരം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. 2019 മുതൽ ഇ- ഫയലിംഗ് സംവിധാനം ഓഫീസിൽ നിലവിലുണ്ട്. അതിനാൽ മിക്ക ഫയലുകളും വീണ്ടെടുക്കാൻ കഴിയും. ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നതെന്നും മന്ത്രി പറഞ്ഞു .
താൽക്കാലിക കെട്ടിടത്തിൽ ഓഫീസ് പ്രവർത്തനത്തിന് ആവശ്യമായ കമ്പ്യൂട്ടർ,ലാപ് ടോപ്പ് ,സ്കാനർ ,പ്രിൻ്റർ എന്നിവ ഉടനെ എത്തിക്കും.
സർവേ രേഖകൾ ഡിജിറ്റലൈസ് ചെയ്യുമ്പോൾ വടകര താലൂക്കിന് പ്രത്യേക പരിഗണന നൽകുമെന്ന് മന്ത്രി ഉറപ്പു നൽകി. കേരളത്തിലെ മുഴുവൻ റവന്യു ഓഫീസുകളും ഇ- ഓഫീസ് ആക്കി മാറ്റുകയാണ്. നിലവിലുള്ള രേഖകളെല്ലാം ഡിജിറ്റൈലൈസ് ചെയ്യും .
തീപിടിത്തവുമായി ബന്ധപ്പെട്ട് പോലീസ് സമഗ്രമായ അന്വേഷണം നടത്തും. ഇതിൻ്റെ മേൽനോട്ട ചുമതല ജില്ലാ കലക്ടറും എഡിഎമ്മും വഹിക്കും.വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കൊണ്ടാണ് അന്വേഷണം നടത്തുക .
തീപിടിത്തമുണ്ടായപ്പോൾ ജനപ്രതിനിധികളും നാട്ടുകാരും വളരെ ശ്ലാഘനീയമായ പ്രവർത്തനമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
മിനി സിവിൽ സ്റ്റേഷൻ പരിസരം സിസിടിവി നിരീക്ഷണത്തിലാക്കണമെന്നും പുതിയ റവന്യൂ ടവറിൽ താലൂക്ക് ഓഫീസ് പരിഗണിക്കണമെന്നും കെ.കെ.രമ എംഎൽഎ. ആവശ്യപ്പെട്ടു. റവന്യൂ വകുപ്പ് ഒറ്റ കേന്ദ്രത്തിലാക്കണമെന്നും ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ ഉടൻ നടപടി ഉണ്ടാകണമെന്നും കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ പറഞ്ഞു.
മന്ത്രി പി.എ.മുഹമ്മദ് റിയാസ് സ്ഥലം സന്ദർശിച്ചിരുന്നു. വടകര താലൂക്ക് ഓഫീസ് പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിനുള്ള പ്രവർത്തങ്ങൾ പുരോഗമിക്കുകയാണെന്നും തീപിടിത്തമുണ്ടായതിൽ അന്വേഷണം ഉടൻ പൂർത്തിയാക്കുമെന്നും സ്ഥലം സന്ദർശിച്ച ശേഷം ജില്ലാ കലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.
എംഎൽഎമാരായ കെ.കെ. രമ, കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, നഗരസഭ ചെയർപേഴ്സൺ കെ.പി.ബിന്ദു, ജില്ലാ കലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി, റവന്യൂ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി എ.ജയതിലക്, ലാൻ്റ് റവന്യു കമ്മീഷണർ കെ.ബിജു ,ആർഡിഒ സി. ബിജു ,റൂറൽ എസ്പി ഡോ.എ.ശ്രീനിവാസ് തുടങ്ങിയവർ റവന്യൂ മന്ത്രിയോടൊപ്പം സന്ദർശനത്തിൽ പങ്കെടുത്തു.