Saturday, December 21, 2024
General

അസാധാരണ നീക്കം; ചീഫ് സെക്രട്ടറിക്ക് എൻ. പ്രശാന്തിന്റെ വക്കീൽ നോട്ടിസ്


തിരുവനന്തപുരം: ഐ.എ.എസ് തലപ്പത്തെ ചേരിപ്പോരിൽ അസാധാരണ നടപടിയുമായി സസ്‌പെൻഷനിലുള്ള കൃഷിവകുപ്പ് സ്‌പെഷൽ സെക്രട്ടറി എൻ. പ്രശാന്ത്. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, നികുതി വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി എ. ജയതിലക്, മുൻ വ്യവസായ ഡയരക്ടർ കെ. ഗോപാലകൃഷ്ണൻ എന്നിവർക്ക് പ്രശാന്ത് വക്കീൽ നോട്ടിസ് അയച്ചു. ഇവരെ കൂടാതെ മാതൃഭൂമി ദിനപത്രത്തിനും നോട്ടിസ് അയച്ചിട്ടുണ്ട്. വ്യാജരേഖ ചമയ്ക്കൽ, ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ ഗുരുതര ക്രമക്കേടുകളാണ് ആരോപിച്ചിരിക്കുന്നത്.

തെളിവുകൾ നശിപ്പിക്കുന്നത് തടയാൻ ജയതിലകിനെയും ഗോപാലകൃഷ്ണനെയും ഉടൻ സസ്‌പെൻഡ് ചെയ്യണമെന്നും പരസ്യമായി മാപ്പുപറയണമെന്നും വിശദമായ അന്വേഷണം വേണമെന്നും നോട്ടിസിൽ ആവശ്യപ്പെടുന്നു. ജയതിലക് ഉൾപ്പെടെയുള്ളവർ സർക്കാർ രേഖകളിൽ തുടർച്ചയായി കൃത്രിമം കാട്ടിയെന്നും ഇക്കാര്യം ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും നോട്ടിസിൽ പറയുന്നു. ഉന്നതിയിലെ ഫയലുകൾ കാണാതായതുമായി ബന്ധപ്പെട്ട് താൻ നൽകിയ പരാതിയിൽ നടപടിയെടുക്കാത്തതിന് ചീഫ് സെക്രട്ടറി പരസ്യമായി മാപ്പുപറയണം.

നടപടിയെടുത്തില്ലെങ്കിൽ കോടതിയിൽ ക്രിമിനൽ കേസ് ഫയൽ ചെയ്യും. ഉന്നതിയുടെ സി.ഇ.ഒയായിരുന്ന കാലത്ത് ഫയലുകൾ കാണാതായതും ഹാജർ ക്രമക്കേടുകളും ആരോപിച്ച് ജയതിലക് തയാറാക്കിയ അന്വേഷണ റിപ്പോർട്ട് തന്നെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ്. വാട്‌സ് ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ തെളിവ് നശിപ്പിച്ചതിനും അനാവശ്യ ഇടപെടൽ നടത്തിയതിനും ഗോപാലകൃഷ്ണനെതിരേ പൊലിസ് നേരത്തെ കുറ്റം ചുമത്തിയിട്ടുണ്ട്. ഈ വിഷയത്തിൽ പൊലിസിൽ തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരാതി നൽകിയതിന് ഗോപാലകൃഷ്ണനെതിരേ സർക്കാർ നടപടിയെടുത്തില്ലെന്നും നോട്ടിസിൽ പറയുന്നു.സംസ്ഥാനത്ത് ആദ്യമായാണ് ചീഫ് സെക്രട്ടറിക്ക് ഐ.എ.എസ് ഉദ്യോഗസ്ഥൻ വക്കീൽ നോട്ടിസ് അയയ്ക്കുന്നത്. അഭിഭാഷകൻ രാഘുൽ സുധീഷ് മുഖേനയാണ് നോട്ടിസ് അയച്ചത്.


Reporter
the authorReporter

Leave a Reply