കോഴിക്കോട്: അന്യഗ്രഹങ്ങളിൽ എങ്ങനെ കൃഷി ചെയ്യാം? ചന്ദ്രനിലും ബഹിരാകാശത്തുമൊക്കെ ഗുരുത്വാകർഷണം കുറവാണ്. അപ്പോൾ മരങ്ങളും ചെടികളും ഭൂമിയിലെപ്പോലെ കുത്തനെയും ഉയരത്തിലും വളരുമോ? പകരം അവ പടർന്നും പരന്നും പലരീതിയിൽ വളർന്നാൽ എങ്ങനെ വെയിൽ കിട്ടും. സൂര്യനിൽനിന്ന് അകലെയുള്ള ചൊവ്വയിൽ കിട്ടുന്ന വെയിലിന്റെ തീവ്രത കുറവല്ലേ? അപ്പോൾ എങ്ങനെ സസ്യങ്ങൾ വളരും?… ‘ലോഞ്ച്’ സയൻസ് ഉച്ചകോടിയിൽ പങ്കെടുത്ത കുട്ടിശാസ്ത്രജ്ഞർ ചർച്ച ചെയ്ത വിഷയങ്ങൾ ആകാളത്തോളം.
ഉച്ചകോടിയിലെ സയൻസ് പാർലമെന്റിൽ ഇവയ്ക്കു പലതിനും ഉത്തരങ്ങൾ ഉരുത്തിരിഞ്ഞു. സൂര്യപ്രകാശം സംഭരിച്ചു സൂക്ഷിച്ച് വേണ്ടത്ര ശക്തിയിൽ എൽഇഡി വെളിച്ചമായി നല്കി കൃഷിചെയ്യാനുള്ള സാദ്ധ്യതയാണ് അവയിലൊന്ന്. ബഹിരാകാശഗവേഷണങ്ങൾക്കും യാത്രകൾക്കും നിർമ്മിതബുദ്ധി ഉപയോഗിച്ചു രസതന്ത്രത്തിന്റെ പ്രയോഗങ്ങൾ വികസിപ്പിക്കുന്നതിനെപ്പറ്റിയാണ് മറ്റൊരു കൂട്ടർ തല പുകച്ചത്.
സുസ്ഥിരബഹിരാകാശത്തെപ്പറ്റിയുള്ള ഉത്ക്കണ്ഠകളും പാർലമെന്റ് പങ്കുവച്ചു. സാമൂഹികോത്തരവാദിത്വമില്ലാത്ത സ്വകാര്യകമ്പനികളടക്കം വൻതോതിലുള്ള വിക്ഷേപണങ്ങൾ നടത്തുമ്പോൾ ഉണ്ടാകുന്ന ബഹിരാകാശമാലിന്യങ്ങൾ ഭാവിപര്യവേഷണങ്ങൾക്ക് എങ്ങനെയൊക്കെ ബുദ്ധിമുട്ടുണ്ടാക്കുമെന്നും അതു നിയന്ത്രിക്കാൻ എന്തൊക്കെ ചെയ്യാമെന്നും ഹൈസ്കൂൾ വിദ്യാർത്ഥികൾ നിർദ്ദേശിച്ചത് സദസിനെ വിസ്മയിപ്പിച്ചു. മനുഷ്യശരീരം ഗുരുത്വാകർഷണവും അന്തരീഷമർദ്ദവും ഇല്ലാത്തയിടത്ത് മനുഷ്യശരീരത്തിനു സംഭവിക്കുന്ന പ്രശ്നങ്ങളും ചർച്ചയായി.
ബഹിരാകാശഗവേഷണങ്ങൾക്കും യാത്രകൾക്കും നിർമ്മിതബുദ്ധി ഉപയോഗിച്ചു രസതന്ത്രത്തിന്റെ പ്രയോഗങ്ങൾ വികസിപ്പിക്കുന്നതിനെപ്പറ്റിയാണ് മറ്റൊരുകൂട്ടർ തല പുകച്ചത്. ഓർഗാനിക് കൺഡക്ടറുകൾ സംബന്ധിച്ച ചർച്ചകളും ശ്രദ്ധേയമായി. ജ്യോതിശാസ്ത്രം പഠിക്കാൻ സ്കൂൾ ലൈബ്രറിയിൽ തപ്പിയപ്പോൾ പ്ലൂട്ടോ ഇപ്പഴും ഗ്രഹമാണെന്ന് എഴുതിയ പഴയ പുസ്തകങ്ങളേ ഉള്ളൂ എന്ന വിമർശനവും ഒരു പാർലമെന്റംഗം ഉയർത്തി.
സംസ്ഥാനത്തെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കു ബഹിരാകാശശാസ്ത്രത്തിൽ കൗതുകവും അറിവും വളർത്താനായി യുഎൽ സ്പേസ് ക്ലബ്ബും ജില്ലാ വിദ്യാഭ്യാസപരിശീലനകേന്ദ്രം (ഡയറ്റ് DIET)യും ചേർന്നു സംഘടിപ്പിച്ച് ‘ലോഞ്ച് 2024’ ഉച്ചകോടി കോഴിക്കോട് കാരപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കോഴിക്കോട് എംപി എം. കെ. രാഘവൻ ഉദ്ഘാടനം ചെയ്തു. വിക്രം സാരാഭായി സ്പേസ് സെന്റർ (വിഎസ്എസ്‌സി) ഡയറക്ടർ ഡോ. എസ്. ഉണ്ണിക്കൃഷ്‌ണൻ നായർ മുഖ്യപ്രഭാഷണം നടത്തി.
ഡയറ്റ് പ്രിൻസിപ്പൽ ഡോ. യു. കെ. അബ്ദുന്നാസർ, യുഎൽ റിസർച്ച് ഡയറക്ടർ സന്ദേശ് ഇ. പ, കാരപ്പറമ്പ് ജിഎച്ച്‌എസ്എസ് ഹെഡ്‌മാസ്റ്റർ ദീപാഞ്ജലി മനക്കടവത്ത്, ഐഎസ്ആർഒ മുൻ ഡെപ്യൂട്ടി ഡയറക്ടറും യുഎൽ സ്പേസ് ക്ലബ് മെന്ററുമായ കെ. ജയറാം, മെന്റർ യു. കെ. ഷജിൽ എന്നിവർ സംസാരിച്ചു. ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ വിദ്യാഭ്യാസപ്രവർത്തനങ്ങളുടെ ഭാഗമായി യുഎൽ സ്പേസ് ക്ലബ്ബിലെ കുട്ടികൾ സ്വയം ആവിഷ്ക്കരിച്ച ബഹിരാകാശ ഉച്ചകോടി, ബഹിരാകാശ ശാസ്ത്രസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട സംവാദങ്ങൾക്കും ഭാവി ബഹിരാകാശ പര്യവേഷണ സാധ്യതകൾ പങ്കുവെക്കുന്നതിനും മികച്ച വേദിയായി.
ഉച്ചകോടിയുടെ പ്രധാന പരിപാടികളിൽ വിദ്യാർത്ഥികൾ നയിച്ച ബഹിരാകാശ പാർലമെന്റിനുപുറമെ, ആറു വിഷയങ്ങളിലെ വിദഗ്ദ്ധരുമായി കുട്ടികൾ നടത്തിയ പ്രത്യേക ഗ്രൂപ്പുചർച്ചകൾ, ബഹിരാകാശരംഗത്തെ അവസരങ്ങൾ, ശാസ്ത്രസാങ്കേതികവിദ്യകളുടെ പ്രായോഗിക സാധ്യതകൾ എന്നിവയെല്ലാം ഉൾപ്പെട്ടു.
2016-ൽ ആരംഭിച്ച യുഎൽ സ്പേസ് ക്ലബ്ബ്, ഐഎസ്ആർഒയുടെ ‘സ്പേസ് ട്യൂട്ടർ’ അംഗീകാരം നേടിയ സന്നദ്ധസംഘടനയാണ്. ജ്യോതിശാസ്ത്രം, ബഹിരാകാശസാങ്കേതികവിദ്യ, സ്റ്റെം വിഷയങ്ങൾ എന്നിവ പുതിയ തലമുറയെ പരിശീലിപ്പിക്കുന്നതിൽ ക്ലബ്ബ് സമഗ്രമായ സംഭാവനകൾ നൽകിവരുന്നു. ഐഎസ്ആർഒ, വിഎസ്എസ്‌സി, തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ടെക്നോളജി (IIST), കോഴിക്കോട് സർവകലാശാല, എൻഐടി മുതലായ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് യു എൽ സ്‌പേസ് ക്ലബ്ബ് പരിശീലനപരിപാടികൾ സംഘടിപ്പിക്കുന്നത്.