കോഴിക്കോട് : വയനാട് ചൂരല്‍മലയിലെ പ്രകൃതിദുരന്തത്തില്‍ ഭവനരഹിതരായവരില്‍ 11 കുടുംബങ്ങള്‍ക്കു കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണബാങ്ക് സൗജന്യമായി വീടുവച്ചുകൊടുക്കും. കര്‍ണാടകത്തിലെ ഷിരൂരില്‍ മലയിടിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ അര്‍ജുന്റെ ഭാര്യക്കു സിറ്റിബാങ്കില്‍ ജോലി നല്‍കുകയും ചെയ്യും. ബാങ്ക് ചെയര്‍പേഴ്‌സണ്‍ പ്രീമാമനോജ്, എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍, കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ സി.ഇ. ചാക്കുണ്ണി, ബാങ്ക് ഡയറക്ടര്‍മാരായ കെ.പി. രാമചന്ദ്രന്‍, ടി.എം. വേലായുധന്‍, പി.എ. ജയപ്രകാശ്, എന്‍.പി. അബ്ദുള്‍ഹമീദ്, കെ.ടി. ബീരാന്‍കോയ, അബ്ദുള്‍ അസീസ്, ഷിംന പി.എസ്, ജനറല്‍ മാനേജര്‍ സാജു ജെയിംസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചതാണിത്.
ഭവനരഹിതരായവര്‍ക്കു പുനരധിവാസത്തിനായി അധികാരികളോ സ്വകാര്യസ്ഥാപനങ്ങളോ വ്യക്തികളോ സൗജന്യമായി നല്‍കുന്ന സ്ഥലത്ത് ഗ്രാമപഞ്ചായത്തു നിര്‍ദേശിക്കുന്ന 11 കുടുംബങ്ങള്‍ക്കാണു സിറ്റി ബാങ്ക് വീടുവച്ചു നല്‍കുക. സര്‍ക്കാരിന്റെ അനുമതിക്കു വിധേയമായിട്ടായിരിക്കും ഇത്. ഓരോ വീടിനും അഞ്ചു ലക്ഷംരൂപ വീതം ബാങ്ക് ചെലവഴിക്കും. ചാത്തമംഗലത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുമായി ആലോചിച്ചു വയനാടിന്റെ പ്രകൃതിക്ക് ഇണങ്ങുന്നവിധം വീടുകള്‍ രൂപകല്‍പന ചെയ്യും. 120 ദിവസത്തിനകം പണി പൂര്‍ത്തിയാക്കി കൈമാറും. സര്‍ക്കാരിന്റെ ഏതെങ്കിലും സഹായപദ്ധതിയുടെ ഭാഗമായി ഈ ദൗത്യം ഏറ്റെടുക്കാനും ബാങ്ക് തയ്യാറാണ്.
ഷിരൂരില്‍ കാണാതായ അര്‍ജുന്റെ കുടുംബത്തിന്റെ ഏകാശ്രയം ആ യുവാവായിരുന്നു. ആ കുടുംബം അനാഥമായി. അര്‍ജുന്റെ ഭാര്യ വിദ്യാസമ്പന്നയാണ്. ഈ സാഹചര്യത്തിലാണു ജോലി കൊടുക്കാന്‍ സിറ്റിബാങ്ക് സന്നദ്ധമാകുന്നത്. ഇക്കാര്യത്തില്‍ സഹകരണനിയമവ്യവസ്ഥകളില്‍ സര്‍ക്കാര്‍ പ്രത്യേകമായി ഇളവനുവദിക്കുകയാണെങ്കില്‍ ജൂനിയര്‍ ക്ലര്‍ക്ക് തസ്തികയില്‍ കുറയാത്ത ഒരു തസ്തികയില്‍ അര്‍ജുന്റെ ഭാര്യയ്ക്കു നിയമനം നല്‍കാനാവും. ദുരന്തത്തിനിരയായവര്‍ക്കു കൈത്താങ്ങാകാനുള്ള ബാങ്കിന്റെ സന്നദ്ധതയുടെ ഭാഗമായാണു ഭവനപദ്ധതി പ്രഖ്യാപിച്ചതും അര്‍ജുന്റെ ഭാര്യക്കു ജോലി നല്‍കാന്‍ തീരുമാനിച്ചതും.
2003ല്‍ പ്രവര്‍ത്തനം ആരംഭിച്ചതുമുതല്‍ തുടര്‍ച്ചയായി ലാഭത്തിലാണു ബാങ്ക്. 2023-24ല്‍ നാലു കോടിരൂപ അറ്റലാഭമുണ്ട്. ഇതില്‍നിന്നാണു 11 വീടുകള്‍ നിര്‍മിക്കാനുള്ള പണം ചെലവഴിക്കുക. സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനലക്ഷ്യം ലാഭമുണ്ടാക്കുക എന്നതിലുപരി സാമൂഹികപ്രതിബദ്ധമായി പ്രവര്‍ത്തിക്കുക എന്നതാണെന്ന കാഴ്ചപ്പാടാണു ബാങ്കിനുള്ളത്. അതിന്റെ അടിസ്ഥാനത്തില്‍ പ്രതിദിനം 36 രോഗികള്‍ക്കു സൗജന്യമായി ഡയാലിസിസ് നല്‍കിവരുന്നതടക്കം നിരവധി ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യുന്നുമുണ്ട്. സാധാരണക്കാര്‍ക്കു കുറഞ്ഞചെലവില്‍ ലോകോത്തരനിലവാരമുള്ള കാന്‍സര്‍ ചികിത്സ ലഭ്യമാക്കാന്‍ ബാങ്കിന്റെ കീഴില്‍ എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ തുടങ്ങിയതും അതിന്റെ ഭാഗംതന്നെ. ഇന്ത്യയിലെ പ്രശസ്തമായ കാന്‍സര്‍ ചികിത്സാകേന്ദ്രങ്ങളിലൊന്നായി എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ വളര്‍ന്നുകഴിഞ്ഞു. സാധാരണക്കാര്‍ക്കു കൈത്താങ്ങാകുന്നതിലാണു സഹകരണപ്രസ്ഥാനത്തിന്റെ പ്രസക്തി കുടികൊള്ളുന്നതെന്നും ചൂരല്‍മലയിലെ പ്രകൃതിക്ഷോഭത്തിനിരയായവര്‍ സാധാരണക്കാരായതിനാലാണു ബാങ്ക് അവരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുന്നതെന്നും പത്രസമ്മേളനത്തില്‍ അറിയിച്ചു.