Saturday, November 23, 2024
General

മടയന്‍, മുടന്തന്‍ പ്രയോഗങ്ങള്‍ പാടില്ല; മാര്‍ഗനിര്‍ദേശവുമായി സുപ്രിംകോടതി


ന്യൂഡല്‍ഹി: ഭിന്നശേഷിക്കാരെ ദൃശ്യമാധ്യമങ്ങളില്‍ അവഹേളിക്കുന്നതിനെതിരേ വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കി സുപ്രിംകോടതി. മടയന്‍, മുടന്തന്‍ തുടങ്ങിയ പദങ്ങള്‍ സിനിമയിലും മറ്റും ഉപയോഗിക്കുന്നുണ്ടെന്നും അതിന് പാടില്ലെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ബോളിവുഡ് ചിത്രമായ ‘ആംഖ് മിച്ചോളി’യില്‍ ഭിന്നശേഷിക്കാരെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളുണ്ടെന്ന് കാണിച്ച് നിപുണ്‍ മല്‍ഹോത്ര സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിംകോടതിയുടെ നടപടി.

ഭിന്നശേഷിക്കാര്‍ക്കെതിരേ മോശം പദപ്രയോഗങ്ങള്‍ നടത്തുന്നത് സാമൂഹിക മാധ്യമത്തില്‍ തെറ്റായ ധാരണകള്‍ സൃഷ്ടിക്കുന്നതിന് കാരണമാകുന്നുണ്ടെന്ന് ചീഫ്ജസ്റ്റിസ് പറഞ്ഞു. ഹാസ്യത്തിനോ ചിരിപ്പിക്കാനോ ഉപയോഗിക്കേണ്ട വിഷയമല്ല ഭിന്നശേഷി. മോശം പ്രതിച്ഛായ ഉണ്ടാക്കുന്ന വാക്കുകളും പദപ്രയോഗങ്ങളും ഭിന്നശേഷിക്കാരെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കരുത്. സാമൂഹിക പ്രതിബദ്ധതയെ അവഗണിക്കുന്ന ഭാഷ ഉപയോഗിക്കരുത്. ഭിന്നശേഷിയുള്ള കഥാപാത്രങ്ങളെ ചിത്രീകരിക്കുമ്പോള്‍ അവരുടെ അഭിപ്രായം കൂടി തേടണം. ഭിന്നശേഷിയെക്കുറിച്ച് ആവശ്യമായ മെഡിക്കല്‍ വിവരങ്ങളും പരിശോധിക്കണം. ഇത്തരം നിബന്ധനങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അധികൃതര്‍ ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.

കെട്ടുകഥകളെ അടിസ്ഥാനമാക്കിയോ (ഉദാഹരണത്തിന്, കാഴ്ചശേഷിയില്ലാത്തവര്‍ അവരുടെ വഴിയിലെ തടസങ്ങളില്‍ ഇടിച്ചുവീഴുക) വലിയ മുടന്തരാക്കിയോ അവതരിപ്പിക്കപ്പെടരുത്. ഭിന്നശേഷിക്കാര്‍ പരിമിതികളെ മറികടന്ന് വലിയ നേട്ടം കൈവരിച്ചു എന്ന തരത്തിലും ചിത്രീകരണം വേണ്ട. കാഴ്ച പരിമിതിയുള്ള ഒരാള്‍ക്ക് മറ്റ് ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തന മികവ് കൂടുതലായിരിക്കും. എന്നാല്‍, എല്ലാവരും ഇതുപോലെ ആയിരിക്കണമെന്നില്ല.

ഇര, ബാധിതര്‍ തുടങ്ങിയ പദങ്ങളും ഒഴിവാക്കണം. അത്തരം പ്രയോഗങ്ങള്‍ നടത്തുന്നിടത്ത് നിയമപരമായ മുന്നറിയിപ്പ് എഴുതിക്കാണിക്കണം. രാത്രിസമയയത്തെ കാഴ്ച്ചക്കുറവ് പോലുള്ള അവസ്ഥകളെക്കുറിച്ചുള്ള തെറ്റായ ചിത്രീകരണങ്ങള്‍, ഇത്തരം അവസ്ഥകളെകുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രഛരിക്കാന്‍ കാരണമാകും. അത് അത്തരം രോഗങ്ങള്‍ നേരിടുന്ന വ്യക്തികളെക്കുറിച്ച് സ്ഥിരമായ മോശം കാഴ്ചപ്പാടുകള്‍ രൂപീകരിക്കാനിടയാക്കും.

ഭിന്നശേഷിക്കാരുടെ നേട്ടങ്ങളും വിജയകഥകളുമാണ് സമൂഹത്തോട് പറയേണ്ടതെന്നും കോടതി വ്യക്തമാക്കി. അവര്‍ അഭിമുഖീകരിക്കുന്ന ജീവിതയാഥാര്‍ഥ്യങ്ങളെ ചിത്രീകരിക്കാന്‍ ദൃശ്യമാധ്യമങ്ങള്‍ ശ്രദ്ധിക്കണം. അവരുടെ കുറവുകള്‍ മാത്രമല്ല വിജയങ്ങളും നേട്ടങ്ങളും സമൂഹത്തിന് അവര്‍ നല്‍കിയ സംഭാവനകളുംകൂടി ചിത്രീകരിക്കണം. വാക്കുകളിലൂടെ വിവേചനം സൃഷ്ടിക്കുന്നതിനെതിരായ അവബോധം ഇന്ന് ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞതായും കോടതി നിരീക്ഷിച്ചു.


Reporter
the authorReporter

Leave a Reply