General

സർക്കാർ ഫണ്ട് അനുവദിച്ചില്ല; വായ്പയ്ക്ക് ബസ് വാങ്ങാൻ കെ.എസ്.ആർ.ടി.സി

Nano News

തിരുവനന്തപുരം: സർക്കാർ ഫണ്ട് അനുവദിക്കാത്തതിനാൽ വായ്പയ്ക്ക് ബസ് വാങ്ങാൻ കെ.എസ്.ആർ.ടി.സി. കാലപ്പഴക്കം വന്ന ബസുകൾ നിരത്തിലിറക്കുന്നതിലൂടെ വർഷംതോറും വൻ നഷ്ടമാണ് കെ.എസ്.ആർ.ടി.സിക്കുണ്ടാകുന്നത്. ഇത് മറികടക്കാൻ 400 പുതിയ ബസുകൾ വാങ്ങാൻ കെ.എസ്.ആർ.ടി.സി തീരുമാനിക്കുകയും പണത്തിനായി സർക്കാരിനെ സമീപിക്കുകയും ചെയ്തിരുന്നു.

എന്നാൽ, പണം ഉടൻ കിട്ടില്ലെന്ന് വിലയിരുത്തിയ കെ.എസ്.ആർ.ടി.സി ബാങ്കിനെ സമീപിച്ചാലും ഫലമില്ലെന്ന് കണ്ട് പണത്തിന് പകരം ബസ് തന്നെ വായ്പയെടുക്കാൻ തീരുമാനിച്ചു. ടാറ്റ മോട്ടോഴ്‌സിൽ നിന്നും അശോക് ലെയ്‌ലാൻഡിൽ നിന്നും 30 ബസുകൾ വായ്പയ്ക്ക് വാങ്ങാനാണ് തീരുമാനം. നിലവിലുള്ള കുടിശ്ശിക തീർത്താൽ മാത്രമേ വായ്പയ്ക്ക് ബസുകൾ ലഭിക്കുകയുള്ളൂ.

സർക്കാരിൽ നിന്ന് കിട്ടുന്ന പണമുപയോഗിച്ച് കുടിശ്ശിക തീർക്കാമെന്ന വ്യവസ്ഥയിലാണ് വായ്പയെടുക്കുന്നത്.
220 മിനി ബസുകളും 30 എ.സി സ്ലീപ്പർ, സെമി സ്ലീപ്പർ ബസുകളും വാങ്ങുന്നതിനുള്ള ടെൻഡറുമായി കെ.എസ്.ആർ.ടി.സി മുന്നോട്ടു പോയെങ്കിലും സർക്കാർ കൈമലർത്തുകയായിരുന്നു.

പുതിയ ബസ് വാങ്ങാനായി സർക്കാർ 93 കോടി രൂപ മാത്രമാണ് അനുവദിച്ചത്. പക്ഷേ കുടിശ്ശിക കൊടുക്കുമ്പോൾ തന്നെ ഇത് ഏതാണ്ട് കഴിയും. 32 സീറ്റുകളുള്ള 100 സൂപ്പർ ഫാസ്റ്റും 50 ഫാസ്റ്റ് പാസഞ്ചർ ബസുകളും വാങ്ങാനാണ് നേരത്തെ കെ.എസ്.ആർ.ടി.സി ലക്ഷ്യമിട്ടിരുന്നത്. സർക്കാരിൽ നിന്ന് ധനസഹായം കിട്ടിയാൽ 40 ദിവസത്തിനകം പുതിയ ബസുകൾ ലഭ്യമാക്കുമെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ പറഞ്ഞിരുന്നു. എന്നാൽ, സർക്കാർ കൈമലർത്തിയതോടെ ബസ് വാങ്ങൽ നടന്നില്ല.


Reporter
the authorReporter

Leave a Reply